കൊച്ചി: സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയിലാണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണത്. കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
കൃഷിയിടത്തിലെ ആൾമറയില്ലാത്തെ കിണറ്റിലാണ് കാട്ടാന വീണത്. ചെറിയ കുളത്തിന് സമാനമായ കിണറാണിത്. ചതുരാകൃതിയിലുള്ള കിണറിന് വലിയ ആഴമില്ലാത്തതിനാൽ ആനയെ എത്രയും വേഗം രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനയ്ക്ക് തനിയെ കയറിപോകാനായില്ലെങ്കിൽ മണ്ണിടിച്ച് രക്ഷപ്പെടുത്തേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം, ആനയെ മയക്കുവെടിവെച്ച് കൊണ്ടുപോകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജനവാസമേഖല ആയതിനാൽ ആനയെ പുറത്ത് എത്തിച്ചാൽ വീണ്ടും പ്രശ്നങ്ങൾ തുടരും എന്നും നാട്ടുകാർ പറഞ്ഞു.