കൊച്ചി: സംസ്ഥാനത്തെ 12 സഹകരണബാങ്കുകളില്‍ കരുവന്നൂര്‍ ബാങ്കിന് സമാനമായ ക്രമക്കേട് നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു.അയ്യന്തോള്‍, മാരായമുട്ടം, കണ്ടല, ചാത്തന്നൂര്‍, മൈലപ്ര, മാവേലിക്കര, തുമ്പൂര്‍, നടയ്ക്കല്‍, കോന്നി റീജണല്‍, ബി.എസ്.എന്‍.എല്‍. എന്‍ജിനിയേഴ്സ്, മൂന്നിലവ്, പെരുംകാവില എന്നീ സഹകരണബാങ്കുകളിലും ക്രമക്കേട് നടന്നതായാണ് ഇഡി അറിയിച്ചത്.
ഹൈക്കോടതിയില്‍ നല്‍കിയ അനുബന്ധ സത്യവാങ്മൂലത്തില്‍ ഇഡിയുടെ വെളിപ്പെടുത്തല്‍. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്നും ഇഡി അറിയിച്ചു.
കരുവന്നൂരുമായി ബന്ധപ്പെട്ടു ലഭിച്ച മൊഴികളില്‍നിന്നു ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കടക്കം സമന്‍സ് അയയ്ക്കാനുള്ള തയാറെടുപ്പിലാണു തങ്ങളെന്നും ഇഡി പറഞ്ഞു. തന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. അലി സാബ്രിയുടെ ഹര്‍ജി തള്ളണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ ക്രമക്കേടുകള്‍ക്കു തെളിവുണ്ടെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു.