തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വീണ്ടും ഇഡി പരിശോധന നടന്നു. കേസിൽ ചില ആരോപണങ്ങളിൽ വിശദമായ പരിശോധന നടത്താനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കരിവന്നൂർ ബാങ്കിൽ എത്തിയത്.
കരുവന്നൂർ ബാങ്കിന്റെ അധികാരപരിധിക്ക് പുറത്തുള്ളവർക്ക് പോലും വായ്പ അനുവദിച്ചതിൻ്റെ വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചത്. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വായ്പ എടുത്തവരുടെ മേൽവിലാസവും ഇ.ഡി ശേഖരിച്ചു. എന്നാൽ എടുത്ത വായ്പതുകയ്ക്കുള്ള മൂല്യം പണയം വെച്ച ഭൂമിക്കില്ലെന്ന് വിവിധ ഏജൻസികൾ കണ്ടെത്തിയിരുന്നു.
കരുവന്നൂർ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയ കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് അന്വേഷണ ഏജൻസിയായ ഇഡിയുടെ തീരുമാനം.
ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങൾ നീക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടും . പ്രതികൾ കുറ്റം ചെയ്തതായി കരുതാൻ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇഡിക്ക് അതൃപ്തി ഉള്ളത്. ഹൈക്കോടതി ഉത്തരവിലെ പരാമർശം കേസിന്‍റെ വിചാരണയെ അടക്കം ബാധിക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാൻ ഇ.ഡിയ്ക്ക് ആലോചനയില്ല. സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി ആർ അരവിന്ദാക്ഷൻ, ബാങ്കിലെ മുൻ അക്കൗണ്ടന്‍റ് സികെ ജിൽസ് എന്നിവർക്ക് ജാമ്യം നൽകിക്കൊണ്ടുളള ഉത്തരവിലാണ് ഇ.ഡിക്ക് അതൃപ്തിയായ ഹൈക്കോടതിയുടെ പരമർശമുള്ളത്.