കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി നടപടിക്കെതിരെ ഇടപെടലുമായി ഹൈക്കോടതി. പ്രതികളുടെ മുഴുവൻ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടററ്റിന്‍റെ നടപടിയിലാണ് കോടതിയുടെ ഇടപെടൽ. കേസുകളിൽ കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.(Karuvannur bank fraud case; All properties of accused should not be confiscated: High Court against ED action)
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ ഉള്‍പ്പെട്ട തൃശൂര്‍ സ്വദേശികളായ ദമ്പതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. പിഎംഎൽഎ നിയമത്തിൽ ഇത്തരത്തിൽ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടണം എന്ന് പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടു കെട്ടരുതെന്നും വ്യക്തമാക്കി.
കുറ്റകൃത്യത്തിന് മുമ്പ് സമ്പാദിച്ച സ്വത്തും ഇഡി കണ്ടുകെട്ടി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദമ്പതികൾ ഹർജി നൽകിയിരുന്നത്.