ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനല്‍ കളിച്ച കേരളത്തിന്റെ പ്രതീക്ഷകള്‍ മങ്ങുന്നു. വിദർഭക്ക് വേണ്ടിയിറങ്ങിയ മലയാളി താരം കരുണ്‍ നായരുടെ പ്രകടനമാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് തല്ലിക്കെടുത്തിയത്.
നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ വിദര്‍ഭക്ക് 286 റണ്‍സിന്റെ വ്യക്തമായ ലീഡുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 249 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ.
രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ കേരളം രണ്ട് വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ നൽകിയിരുന്നു. ഒരു റണ്ണെടുത്ത പാര്‍ഥ് റെഖാഡെയെ ജലജ് സക്‌സേനയും, അഞ്ച് റണ്‍സെടുത്ത ധ്രുവ ഷോറെയെ നിധീഷും പുറത്താക്കുകയായിരുന്നു. രണ്ട് വിക്കറ്റിന് ഏഴ് റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട വിദര്‍ഭ അവിടെ നിന്നും പൊരുതിക്കയറി.കരുണ്‍ നായരുടെ സെഞ്ച്വറിയാണ് നാലാം ദിവസം വിദര്‍ഭയുടെ നട്ടെല്ലായത്.
ഡാനിഷ് മലേവാര്‍ – കരുണ്‍ നായര്‍ കൂട്ടുകെട്ട് അദ്യ ഇന്നിങ്‌സില്‍ എന്ന പോലെ തന്നെ നിലയുറപ്പിച്ചു. ഒപ്പം കേരളത്തിന്റെ മോശം പ്രകടനവും വിദർഭക്ക് ഗുണമായി. ഒരു ദിവസം മാത്രം ശേഷിക്കെ കേരളത്തിന് വിജയിക്കണമെങ്കില്‍ അത്ഭുതങ്ങൾ സംഭവിക്കണം. കളി സമനിലയിലായാല്‍ ആദ്യ ഇന്നിങ്‌സിലെ ലീഡിന്റെ ബലത്തില്‍ വിദര്‍ഭ ചാംപ്യന്‍മാരാകുകയും ചെയ്യും.