ബെംഗളൂരുവിൽനിന്ന് അഹമ്മദാബാദിലേക്കും ഒഡിഷയിലെ പുരിയിലേക്കും ദീർഘദൂര സർവീസുമായി കർണാടക ആർ.ടി.സി. കർണാടക ആർടിസിയുടെ ഏറ്റവും ദൈർഘ്യമുള്ള ബസ് സർവീസാണ് ആരംഭിക്കുന്നത്. കർണാടക ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ബസ് 1500 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്.Karnataka RTC to launch long distance service from Bengaluru to Ahmedabad and Puri in Odisha
യൂറോപ്യൻ മാതൃകയിലുള്ള എ.സി. സ്ലീപ്പർ ബസുകളാണ് പുതിയ സർവീസുകൾക്ക് അയക്കുകയെന്ന് ആർ.ടി.സി. അധികൃതർ അറിയിച്ചു. ഏകദേശം 28 മണിക്കൂറായിരിക്കും യാത്രാസമയം. 2500 രൂപ ടിക്കറ്റ് നിരക്കായി ഈടാക്കാനാണ് ആലോചന.
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിലൂടെയാണ് പുതിയ സർവീസുകൾ കടന്നു പോകുക. ഈ സംസ്ഥാനങ്ങളുടെ അനുമതി ലഭിച്ചശേഷമാകും സർവീസുകൾ ആരംഭിക്കുക.
രണ്ട് റൂട്ടിലേക്കും രണ്ട് ബസുകൾ വീതമാണ് അനുവദിക്കുക. ഇരുവശങ്ങളിലേക്കും ഓരോന്നു വീതം ഓടിക്കാനാണിത്. നിലവിൽ ബെംഗളൂരു-മുംബൈ, ബെംഗളൂരു-ശിർദി സർവീസുകളാണ് (1000 കിലോമീറ്റർ) ഏറ്റവും ദൈർഘ്യമുള്ളത്.