കണ്ണൂര്‍: ഭക്ഷണക്രമീകരണത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ പതിനെട്ടുകാരി ശ്രീനന്ദയുടെ മരണത്തിൽ വിശദീകരണവുമായി ചികിത്സിച്ച ഡോക്ടര്‍. ശ്രീനന്ദ മരിക്കുന്ന സമയത്ത് ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രക്തസമ്മര്‍ദവും ഷുഗര്‍ ലെവലുമെല്ലാം താഴ്ന്ന നിലയിലായിരുന്ന പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ പേശീഭാരം തീരെയില്ലാത്ത അവസ്ഥയിലായിരുന്നു എന്നും ഡോക്ടർ നാഗേഷ് പറഞ്ഞു.
ഒരുഘട്ടത്തില്‍ വിശപ്പെന്ന വികാരം പോലും പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ല. ‘അനോറെക്‌സിയ നെര്‍വോസ’ എന്ന സൈക്യാട്രിക് സാഹചര്യത്തിലൂടെ പെണ്‍കുട്ടി കടന്നുപോയിയിരുന്നത്. ഇക്കാര്യം കുടുംബത്തിന് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേർത്തു. ഐസിയുവിലാണ് ശ്രീനന്ദയെ പ്രവേശിപ്പിച്ചത്. ആ സമയത്ത് രക്തസമ്മര്‍ദത്തിന്റെ ലെവര്‍ 70 ആയിരുന്നു. ഷുഗര്‍ ലെവര്‍ 45 ഉം സോഡിയത്തിന്റെ ലെവല്‍ 120 ഉം ആയിരുന്നു. എല്ലും തോലുമായ അവസ്ഥയിലായിരുന്നു പെണ്‍കുട്ടിയെന്നും അദ്ദേഹം പറഞ്ഞു.
വണ്ണം കൂടുതലാണെന്ന ധാരണയെ തുടര്‍ന്ന് ശ്രീനന്ദ യൂട്യൂബ് നോക്കി ഭക്ഷണ ക്രമീകരണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യപ്രശ്‌നം നേരിട്ടതോടെയാണ് ശ്രീനന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്.
എന്താണ് അനോറെക്‌സിയ നെര്‍വോസ സൈക്യാട്രിക് ഡിസോഡർ
ശ്രീനന്ദയെ മരണത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണം നെര്‍വോസ സൈക്യാട്രിക് ഡിസോഡറാണെന്ന് ഡോക്ടര്‍ പറയുന്നു. ആരെങ്കിലും ഒരാളെ ‘തടിയാ, തടിച്ചി’ എന്ന് വിളിച്ചാലുണ്ടാകുന്ന മനോവിഷമത്തിൽ തടി കുറയ്ക്കാന്‍ ശ്രമിക്കുകയും ഭക്ഷത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. പിന്നാലെ വിശപ്പ്, ദാഹം എന്നുള്ള വികാരം തന്നെ ഇല്ലാതാകും. ഇത് ഡ്രിപ്രഷന്‍ പോലെയുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് മാറുന്നു. തുടക്കത്തില്‍ ചികിത്സ തേടിയാല്‍ ഇതിന് പരിഹാരം കാണാന്‍ കഴിയുമെന്നും ഡോക്ടര്‍ കൂട്ടിച്ചേർത്തു.