നടിയെ ലൈംഗികാതിക്രമം നടത്തി, സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കന്നഡ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ. 29കാരിയായ നടിയുടെ പരാതിയിൽ വെള്ളിയാഴ്ച രാജരാജേശ്വരി നഗർ പൊലീസ് ആണ് ചരിത് ബാലപ്പയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വർഷമായി അതിക്രമം തുടരുകയായിരുന്നു എന്നാണ് ഡിസിപി എസ് ഗിരീഷ് പറയുന്നത്.
ഈ മാസം 13ന് ആണ് യുവനടി ചരിത് ബാലപ്പക്കെതിരെ പരാതി നൽകിയത്. 2017 മുതൽ കന്നഡ, തെലുങ്ക് ഭാഷാ സിരീയലുകളിൽ ഈ നടി അഭിനയിച്ചു വരികയാണ്. 2023ൽ ആണ് ഇവർ ചരിത് ബാലപ്പയുമായി പരിചയപ്പെട്ടത്. പ്രണയിക്കാൻ നിർബന്ധിച്ചശേഷം നടൻ നടിയെ മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു. വധഭീഷണി മുഴക്കിയെന്നും നടി പൊലീസിനോട് പറഞ്ഞു.
പ്രതിയും കൂട്ടാളികളും ചേർന്ന് നടിയുടെ വസതിക്ക് സമീപം നിരന്തരം ശല്യമുണ്ടാക്കിയെന്നും താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാനും നടൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. തന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നടന്മാരും നടിമാരും ഉൾപ്പെടുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും നടിയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പങ്കുവെക്കുമെന്നും ചരിത് ബാലപ്പ ഭീഷണിപ്പെടുത്തി.
തന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ തന്നെ അപകീർത്തിപ്പെടുത്തുമെന്ന് ഇയാൾ ബ്ലാക്ക് മെയിൽ ചെയ്തതായി നടി പോലീസിൽ മൊഴി നൽകി. രാഷ്ട്രീയക്കാരുമായും റൗഡികളുമായുമടക്കം ശക്തരായ വ്യക്തികളുമായുള്ള ബന്ധം നടൻ ഉപയോഗിക്കുകയും എപ്പോൾ വേണമെങ്കിലും തന്നെ ജയിലിൽ അടയ്ക്കാമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.