ന്യൂഡൽഹി: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിക്കുന്ന പോസ്റ്റ് ഡിലീറ്റ് ചെയ്ത് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും താരതമ്യം ചെയ്തായിരുന്നു കങ്കണ റണൗട്ട് പോസ്റ്റിട്ടത്.
ഇതിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ഇടപെട്ട് പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുകയായിരുന്നു. കങ്കണ റണൗട്ട് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതും.
ആപ്പിൾ ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കേണ്ടതില്ലെന്ന് ട്രംപ് ആപ്പിൾ സിഇഒയോട് നിർദേശിച്ചതിനു പിന്നാലെയാണ് കങ്കണ ട്രംപിനെ വിമർശിച്ച് പോസ്റ്റിട്ടത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ പോസ്റ്റ് പിന്നീട് നീക്കംചെയ്തതെന്ന് കങ്കണ റണൗട്ട് വിശദീകരണം നൽകി.
ബഹുമാന്യനായ ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ തന്നെ വിളിക്കുകയും ട്വീറ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് കങ്കണ റണൗട്ട് സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചു.
തന്റെ വ്യക്തിപരമായ അഭിപ്രായം പോസ്റ്റ് ചെയ്തതിൽ ഖേദിക്കുന്നതായും നിർദേശമനുസരിച്ച് പോസ്റ്റ് പെട്ടെന്നുതന്നെ നീക്കംചെയ്തതായും കങ്കണ റണൗട്ട് പറഞ്ഞു.
”ഈ പ്രണയനഷ്ടത്തിന് കാരണം എന്തായിരിക്കും?
- അദ്ദേഹം അമേരിക്കൻ പ്രസിഡന്റാണ്, പക്ഷേ, ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നേതാവ് ഇന്ത്യൻ പ്രധാനമന്ത്രിയാണ്.
- ട്രംപ് അധികാരത്തിലേറുന്നത് രണ്ടാംതവണയാണ്, പക്ഷേ, ഇന്ത്യൻ പ്രധാനമന്ത്രിയുടേത് മൂന്നാമത്തേതും.
- സംശയമില്ല, ട്രംപ് ഒരു ആൽഫ മെയിൽ ആണ്.
- എന്നാൽ നമ്മുടെ പ്രധാനമന്ത്രി ‘സബ് ആൽഫ മെയിൽ കാ ബാപ്’ ആണ്. ഇതിനൊപ്പം നിങ്ങൾ എന്താണ് കരുതുന്നതെന്നും ഇത് വ്യക്തിപരമായ അസൂയയാണോ, അതോ നയതന്ത്ര അരക്ഷിതാവസ്ഥയാണോയെന്നും കങ്കണ പോസ്റ്റിൽ ചോദിച്ചിരുന്നു.