കണ്ണൂർ: കൈതപ്രത്ത് വെടിവെച്ചു കൊലപ്പെടുത്തിയ ഓട്ടോ ഡ്രൈവർ രാധാകൃഷ്ണന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. മരണ കാരണം നെഞ്ചിലേറ്റ വെടിയുണ്ട ഹൃദയത്തിൽ തുളച്ചുകയറിയെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി തന്നെയാണ് എത്തിയതെന്ന് പ്രതി സന്തോഷ് പോലീസിന് മൊഴി നൽകി. കൊലപാതകത്തിനുപയോഗിച്ച തോക്ക് മുറ്റത്തെ കിണറ്റിൽ ഉണ്ടെന്ന സംശയം ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
വെടിവെയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ തോക്കും, കത്തിയുമായാണ് പ്രതി സന്തോഷ് എത്തിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് രാധാകൃഷ്ണൻ എത്തുന്ന സമയം നോക്കി ഒളിച്ചിരുന്നുവെന്നും ഇയാൾ മൊഴി നൽകി.
രാധാകൃഷ്ണൻ വീട്ടിലേക്ക് കയറി നിമിഷങ്ങൾക്കുളളിൽ തന്നെ വെടിയുതിർക്കുകയായിരുന്നു. തലേദിവസം രാവിലെ രാധാകൃഷ്ണൻറെ ഫോണിൽ വിളിച്ച് സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിവരം രാധാകൃഷ്ണൻ മകനുമായ് പങ്കുവെച്ചിരുന്നു.
കൈതപ്രം വായനശാലയ്ക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് രാധാകൃഷ്ണനെ വിളിച്ചുവരുത്തി നെഞ്ചിൽ വെടിവെക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി രാധാകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നിൽ വ്യക്തിവിരോധമാണെന്നാണ് പോലീസ് പറയുന്നത്. രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ കഴിയാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആർ. പ്രതി സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇവർ തമ്മിലുള്ള സൗഹൃദം ഇല്ലാതാവുകയായിരുന്നു.
വ്യക്തിപരമായ പ്രശ്നങ്ങളിൽ സന്തോഷിനെതിരെ രാധാകൃഷ്ണൻ രണ്ട് മാസം മുൻപ് പരിയാരം പോലീസിൽ പരാതി നൽകിയിരുന്നു. വീടിൻറെ നിർമാണ കരാറിനെ ചൊല്ലിയും ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട് .
കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് അന്വേഷിച്ച് പോലീസ് നായ സമീപത്തുള്ള വണ്ണാത്തിപ്പുഴയുടെ തീരം വരെ മണം പിടിച്ചു പോയി,പക്ഷെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പയ്യന്നൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.