തിരുവനന്തപുരം: കെ-റെയിലിനായുള്ള ശ്രമം ഉപേക്ഷിക്കാതെ കേരളം. സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി വീണ്ടും കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുകയാണ് പിണറായി സർക്കാർ.
സംസ്ഥാനത്ത് സെമി ഹൈ സ്പീഡ് റയിൽ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് കേന്ദ്രസർക്കാരുമായി ചർച്ച നടത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയും ചർച്ചയാകുമെന്നാണ് വിവരം.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയ്ക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റയിൽവെ മന്ത്രി അശ്വനി വൈഷ്ണവുമായി ചർച്ച നടത്തുന്നത്.
മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ നിർദ്ദേശം നടപ്പാക്കാനുള്ള സാധ്യതകളാകും ഇന്നത്തെ കൂടിക്കാഴ്ച്ചയിൽ ചർച്ചയാകുക. കേന്ദ്രവുമായി തർക്കത്തിന് നിൽക്കാതെ സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് കേരളത്തിന്റെ നീക്കം.
കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകുകയുള്ളൂ.
അതേസമയം ഇതുമായി മുന്നോട്ടുപോകുന്നതിന് നിരവധി പ്രശ്‌നങ്ങൾ തടസ്സമായി നിന്നിരുന്നു. എന്നാൽ അതിന് പകരം മെട്രോമാൻ ഇ. ശ്രീധരന്റെ ബദൽ പദ്ധതി മുന്നിൽവെച്ച് കേന്ദ്രവുമായി ചർച്ച നടത്താനായിരിക്കും സംസ്ഥാനം ശ്രമിക്കുക.
ഇ-ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ പദ്ധതിയിൽ കേന്ദ്രത്തിന്റെ നിലപാട് നിർണായകമായിരിക്കും. സമവായത്തിലെത്താനായാൽ പദ്ധതിയുമായി മുന്നോട്ടുപോകാനാകും.
മറിച്ചായാൽ പദ്ധതി ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. അതേസമയം ദേശീയപാത തകർന്ന വിഷയത്തിൽ നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.