കൊച്ചി: പുതുപ്പള്ളി വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ നേതൃത്വ വിമർശിച്ച് രംഗത്ത് എത്തി കെ.പി.സി.സി മുൻ പ്രസിഡന്റും ലോക്സഭ എം.പിയുമായ കെ.മുരളീധരൻ രംഗത്ത് എത്തി. കോൺഗ്രസ് നേതൃത്വം തന്നെ പൂർണമായും അവഗണിച്ചുവെന്ന് മുരളീധരൻ തുറന്നടിച്ചു. പുതുപ്പള്ളിയിലെ സ്റ്റാൻ ക്യാമ്പയിനിങ് ലിസ്റ്റിൽ ഉൾപ്പെടുത്താതെ തള്ളി കളഞ്ഞു. വിട്ട് പോയി മറന്ന് പോയി എന്നാണ് പലപ്പോഴും മറുപടി പറയുന്നത്. തന്നെ മാത്രം സ്ഥിരമായി വിട്ട്പോവുകയും മറന്ന് പോവുകയും ചെയ്യുമ്പോൾ അദേഹത്തിന്റെ സേവനം ആവശ്യമില്ല എന്ന തോന്നൽ ഉണ്ടാവുന്നത് സ്വാഭാവികമെന്ന് മുരളീധരൻ പറഞ്ഞു. ഒരു മലയാളം ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു മുരളീധരന്റെ തുറന്ന് പറച്ചിൽ. പുനസംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തക സമിതിയിൽ ക്ഷണിതാവാകാൻ ആഗ്രഹിച്ചുവെന്ന് മുരളീധരൻ വെളിപ്പെടുത്തി. എം.എം.ഹസൻ, ബന്നി ബഹന്നാൻ , മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ പേരുകൾ പ്രത്യേക ക്ഷണിതാക്കളായി പരിഗണിക്കുന്നവരുടെ ലിസ്റ്റിൽ വന്നപ്പോഴും എന്റെ പേര് ഉൾപ്പെട്ടില്ല. പാർട്ടിയ്ക്ക് വേണ്ടി എന്നും സജീവമായി പ്രവർത്തിച്ചിട്ടുണ്ടെന്നും മുരളീധരൻ ഓർമിപ്പിച്ചു. അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിലേയ്ക്കില്ല എന്ന് തീരുമാനിച്ചതെന്നും മുരളീധരൻ ആവർത്തിച്ചു.
മുരളീധരനെ പ്രയാസപ്പെടുത്തുന്ന അവഗണന
കെ.പി.സി.സിയുടെ പ്രചാരണകമ്മിറ്റിയുടെ ചെയർമാനാക്കി നിയമിച്ചെങ്കിലും പരിപാടികളിലൊന്നും പ്രമുഖ്യം നൽകിയില്ല. കെ.പി.സി.സിയുടെ ഔദ്യോഗിക പോസ്റ്റുകളിൽ പോലും പ്രചാരണകമ്മിറ്റി ചെയർമാന്റെ പേര് ഉണ്ടായില്ല.വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിച്ച വേദിയിൽ പങ്കെടുത്ത മുൻ കെ.പി.സി.സി പ്രസിഡന്റുമാരെല്ലാം പ്രസംഗിച്ചു. എന്നാൽ എന്നെ മാത്രം സംസാരിക്കാൻ ക്ഷണിച്ചില്ലെന്ന് മുരളീധരൻ പറഞ്ഞു. അന്ന് അല്പം രൂക്ഷമായി പ്രതികരിക്കേണ്ടി വന്നു. പക്ഷെ പലരും ഉപദേശിച്ചതിനാൽ വിവാദത്തിൽ നിന്നും സ്വയം ഒഴിഞ്ഞു.
ഇനി കെ.കരുണാകരൻ വേണ്ടി.
തിരഞ്ഞെടുപ്പ് രാഷ്ട്രിത്തിൽ നിന്നും മാറി നിൽക്കുന്ന സമയത്ത് കെ.കരുണാകരൻ സ്മാരകം പൂർത്തിയാക്കാൻ രംഗത്ത് ഇറങ്ങാനാണ് കെ.മുരളീധരന്റെ തീരുമാനം. കോൺഗ്രസിന്റെ സമുന്നത് നേതാവും മൂന്ന് തവണ കേരള മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരൻ ഒരു സ്മാരകം നിർമിക്കണമെന്നത് വർഷങ്ങളായുള്ള പാർട്ടി പ്രവർത്തകരുടെ ആവിശ്യമാണ്. തിരുവനന്തപുരം നന്ദാവനത്ത് 38 സെന്റ് സ്ഥലം ഇതിനായി വാങ്ങിച്ചിട്ടുണ്ട്. എ.കെ.ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ സ്മാരകത്തിന് തറക്കല്ലിട്ടു. പക്ഷെ നിർമാണം ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല. അതിന് ശേഷം ഇക്കഴിഞ്ഞ വർഷം കെ.സി.വേണുഗോപാൽ വീണ്ടും നിർമാണോദ്ഘാടനം നിർവഹിച്ചു. അത് കഴിഞ്ഞ് ആറ് മാസമായിട്ടും നിർമാണം ആരംഭിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സ്മാരകത്തിന്റെ നിർമാണം നേരിട്ട് ഏറ്റെടുക്കാൻ മുരളീധരൻ തീരുമാനിച്ചിരിക്കുന്നത്.