തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചു നോക്കി ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍.
‘പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു… വന്നു…’ എന്ന് തുടങ്ങുന്ന കുറിപ്പോടെ ബസ് ഓടിക്കുന്നതിന്റെ വീഡിയോയും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.
വാങ്ങിയ ചില നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ഉടന്‍ തന്നെ ബാക്കി ബസുകള്‍ കൂടി എത്തുമെന്നും മന്ത്രി അറിയിച്ചു. ഒട്ടും വൈകാതെ സുഖയാത്ര ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പുതിയ കെഎസ്ആര്‍ടിസി ബസിന്റെ ഡിസൈന്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
കാലാനുസൃതമായ ഡിസൈനിന് പകരം ആകര്‍ഷകമല്ലാത്ത ഡിസൈനും പെയിന്റിങുമാണ് പുതിയ ബസുകള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.
ഓട്ടമൊബീൽ കോർപറേഷൻ ഓഫ് ഗോവ ലിമിറ്റഡ് എന്ന ബസ് നിർമാതാക്കളാണ് ടാറ്റയുടെ ഈ ബസിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. പുതിയ 143 ബസുകള്‍ വാങ്ങുന്നതിനായാണ് കെഎസ്ആര്‍ടിസി അഡ്വാന്‍സ് നല്‍കിയത്.
ടാറ്റ, അശോക് ലെയ്‌ലാന്‍ഡ്, ഐഷര്‍ കമ്പനികളില്‍ നിന്നാണ് ബസുകള്‍ വാങ്ങുന്നത്. ആദ്യ ഘട്ടമായി എത്തുന്ന 80 ബസ്സുകളില്‍ 60 സൂപ്പര്‍ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്. എട്ട് എസി സ്ലീപ്പറുകള്‍, 10 എസി സ്ലീപ്പര്‍ കം സീറ്ററുകള്‍, എട്ട് എസി സെമി സ്ലീപ്പറുകളും ഉണ്ട്.
കൂടാതെ ഓര്‍ഡിനറി സര്‍വീസ് നടത്തുന്നതിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകള്‍ക്കും ഓർഡർ നൽകിയിട്ടുണ്ട്.
പുതിയ ബസുകള്‍ വാങ്ങാനായി 107 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ 62 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരുന്നത്.
Summary: Kerala Transport Minister K.B. Ganesh Kumar test drives KSRTC’s new Superfast and Fast Passenger buses as part of the state’s public transport upgrade initiative.