ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്തുവിട്ടു.
അഞ്ച് ഭീകരരിൽ നാലു പേരെ സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ രണ്ടു പേർ പാകിസ്താൻ പൗരന്മാരാണെന്ന് സ്ഥിരീകരണമുണ്ട്.
അലി ഭായ് എന്നറിയപ്പെടുന്ന തൽഹ ഭായ്, ഹാഷിം മൂസ എന്നറിയപ്പെടുന്ന സുലൈമാൻ, ആദിൽ ഹുസൈൻ തോക്കർ എന്നിവരെയാണ് സേന തിരിച്ചറിഞ്ഞത്.
ഹാഷിം മൂസ, തൽഹ എന്നിവരാണ് പാകിസ്താനികൾ. ആദിൽ ഹുസൈൻ തോക്കർ അനന്ത്നാഗ് പ്രദേശവാസിയാണ്.
പുൽവാമയിൽ നിന്നുള്ള അഹ്സാൻ എന്ന ഭീകരരും ആക്രമിച്ച സംഘത്തിൽ ഉൾപ്പെടുന്നതായാണ് വിവരം.
പീർപഞ്ചാൽ മേഖലയിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ഭീകരാക്രമണം അന്വേഷിക്കാൻ ജമ്മു കശ്മീർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിന് അനന്ത്നാഗ് അഡീഷണൽ എസ്.പിയുടെ നേതൃത്വം നൽകും.