കാത്തിരിപ്പിന് അവസാനം കുറിച്ച് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഇന്നായിരുന്നു കിംഗ് ഖാന്റെ ജവാനെത്തിയത്. അറ്റ്‌ലിയും ഷാരൂഖും കൈകോര്‍ത്തപ്പോള്‍ മുതല്‍ ഷാരൂഖിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ബോളിവുഡിലേക്കുള്ള ആദ്യ അരങ്ങേറ്റവും ജവാനിലൂടെയെന്നതും ഈ ചിത്രത്തിന്റെ കാത്തിരിപ്പിന് മധുരം കൂട്ടി. പത്താന് ശേഷം വിജയങ്ങളുടെ തുടര്‍ക്കഥ സമ്മാനിക്കാന്‍ ഷാരൂഖിന് ആകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം ജവാനിലൂടെ നല്‍കാന്‍ ഷാരുഖിന് കഴിഞ്ഞിട്ടുണ്ടോ?
പ്രതീക്ഷിച്ചതൊന്നും കിട്ടാതെ വരുമ്പോള്‍
ഒരു സിനിമ കാണിയുടെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കണമെങ്കില്‍ അതിലെ ഓരോ സീനുകളും ഡയലോഗുകളും പകരം വയ്ക്കാനില്ലാത്ത വിധം മനസില്‍ പതിയുന്നവയാകണം. കണ്ടുമടുത്ത ഫോര്‍മാറ്റുകള്‍ എല്ലാം കൂടി പൊടിതട്ടിയെടുത്ത് വീണ്ടും ചിത്രീകരിച്ചതുകൊണ്ട് എന്തുകാര്യം?
തെന്നിന്ത്യന്‍ സുപ്പര്‍ഹിറ്റ് സിനിമകളുടെ അമരക്കാരനായ അറ്റ്‌ലി ഷാരൂഖിനെ പ്രധാന കഥാപാത്രമാക്കി ജവാന്‍ എന്ന ചിത്രം ചെയ്യുമ്പോള്‍ അതെങ്ങനെയായിരിക്കും എന്നുള്ള ആകാംക്ഷയിലായിരുന്നു സിനിമാപ്രേമികള്‍.
വിക്രം റാത്തോഡായി വരുന്ന ഷാരൂഖ് ചിത്രം തിയേറ്ററുകളിലെത്തുന്നത്‌വരെയും ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ഏകദേശം 10000 സ്‌ക്രീനുകളിലാണ് ജവാന്‍ റിലീസ് ചെയ്തത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ ഇത്രയധികം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.
എന്നാല്‍ പ്രതീക്ഷിച്ച ഇംപാക്ട് ജവാനുണ്ടോ എന്ന് ചോദിച്ചാല്‍ നെറ്റി ചുളിക്കേണ്ടി വരും. കാരണം ജവാന്‍ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും പറയാനുള്ളത് ഒരേ ഒരു വാചകം മാത്രം: ”കുഴപ്പമില്ല, കണ്ടുകൊണ്ടിരിക്കാം, ബോറടിക്കില്ല” എന്നു മാത്രമാണ്. ബോറടി മാറ്റാനാണെങ്കില്‍ പഴയ കോമഡി സിനിമകള്‍ കണ്ടാല്‍പ്പോരേ, അല്ലെങ്കില്‍ താല്‍പര്യമുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചാല്‍ പോരേ.. അതിന് ഇത്രയും കോടികള്‍ മുടക്കി ഷാരൂഖിനെ കൊണ്ട് അഭിനയിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലല്ലോ..
നന്‍പന്‍, മെര്‍സല്‍, തെരി, ബിഗില്‍ തുടങ്ങി വിജയ് ചിത്രങ്ങളിലൂടെയാണ് അറ്റ്‌ലിയെന്ന സംവിധായകനെ എല്ലാവര്‍ക്കും സുപരിചിതനായത്. അതുകൊണ്ട് തന്നെ മാസ് ഡയലോഗുകളും ആക്ഷന്‍ സീക്വന്‍സുകളും അറ്റ്‌ലി ചിത്രത്തിന്റെ ഹൈലൈറ്റാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ… ആ പതിവ് ബോളിവുഡിലും പകര്‍ത്തിയാല്‍ അതൊരു ബോറിങ്ങല്ലേ.. ഇതിലും ഭേദം ബോളിവുഡിന്റെ കിംഗ്ഖാന്‍ തമിഴ്‌സിനിമയില്‍ വന്ന് അഭിനയിച്ചാല്‍ മതിയായിരുന്നു. അതാകുമ്പോള്‍ ഷാരൂഖിന്റെ ആദ്യ തമിഴ് ചിത്രമെന്ന ഖ്യാതിയെങ്കിലും അതിന് കിട്ടുമായിരുന്നു. ഇതിപ്പോള്‍ നയന്‍താരയ്ക്ക് ഹിന്ദിയിലേക്ക് വെറുതേ പോകേണ്ടിവന്നു.
അന്തരിച്ച സംവിധായകന്‍ സിദ്ദിഖ് തമിഴിലും ഹിന്ദിയിലും മലയാളത്തിലുമായി ഒരുക്കിയ ചിത്രമായിരുന്നു ബോഡിഗാര്‍ഡ്. മികച്ച കളക്ഷനാണ് മൂന്ന് ഭാഷകളിലും ഒരുക്കിയ ബോഡിഗാര്‍ഡ് വാരിക്കൂട്ടിയത്. മൂന്ന് ഭാഷകളിലെയും നായികാനായകന്മാരും ഗാനരംഗങ്ങളും ഫൈറ്റ് സീനുകളും വ്യത്യസ്തമായിരുന്നു. ഒരാള്‍ തന്നെയാണ് മൂന്ന് ചിത്രങ്ങള്‍ക്ക് പിന്നിലും സംവിധായകന്റെ മേലങ്കി അണിഞ്ഞതെന്ന് തോന്നിപ്പിക്കാത്ത വിധം സിദ്ദിഖ് അത് മനോഹരമാക്കി. എന്നാല്‍ അറ്റ്‌ലിയോ? എല്ലാ തമിഴ്ചിത്രങ്ങളിലും എന്താണോ ചെയ്യുന്നത്, അതേ ഫോക്കസോടെയാണ് ജവാനെ സമീപിച്ചത്. ഷാരുഖാനെ പോലെ ഉയര്‍ന്ന താരമൂല്യമുള്ള ഒരു നടനെക്കൊണ്ട് ഇത്തരമൊരു വേഷം കെട്ടിച്ചത് എന്തിനായിരുന്നു അറ്റ്‌ലി? കഷ്ടം. ഇനിയെങ്കിലും ഒന്നിനോടൊന്ന് സാമ്യം തോന്നാത്ത രീതിയില്‍ ഒരു ചിത്രം ചെയ്ത് പൂര്‍ത്തിയാക്കാനുള്ള ശ്രമം നടത്തിക്കൂടേ.
റെക്കോര്‍ഡ് കളക്ഷന്‍ സ്വപ്നമാകുമോ?
ചിത്രത്തിന്റെ ഫസ്റ്റ് ഹാഫില്‍ പരമാവധി നിറസാന്നിധ്യമായി തന്നെ ഷാരൂഖിനെ കൊണ്ടുവന്നതൊക്കെ നല്ല കാര്യം. വിജയ് സേതുപതി, ദീപിക പദുക്കോണ്‍, പ്രിയാമണി തുടങ്ങി താരങ്ങളുടെ നീണ്ടനിരയാണ് അണിനിരന്നത്.
പക്ഷേ പറഞ്ഞിട്ടെന്താ…ഒരു പക്കാ തമിഴ് എന്റര്‍ടെയ്‌നര്‍ ചിത്രമാക്കിക്കളഞ്ഞല്ലോ അറ്റ്‌ലി ജവാന്‍ എന്ന ചിത്രം.
ചിത്രം റിലീസായ ആദ്യദിനം തന്നെ 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ജവാന്‍ കാണാനായി ബുക്ക് ചെയ്തത്. പത്താന് ശേഷമുള്ള റെക്കോര്‍ഡ് കളക്ഷനാകും ജവാനെന്നാണ് സിനിമാപ്രേമികളുടെ ധാരണ.. മുടക്കുമുതല്‍ എങ്കിലും തിരിച്ചുകിട്ടിയാല്‍ മതിയായിരുന്നു.