മഞ്ഞപ്പിത്തം പടരുന്ന എറണാകുളം ജില്ലയിലെ വെങ്ങൂരിൽ മൂന്നാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 189 പേര്‍ക്ക്. ദിവസേന കുറഞ്ഞത് പത്ത് പേര്‍ക്കെങ്കിലും മഞ്ഞപ്പിത്തം സ്ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മഞ്ഞപ്പിത്തത്തിനെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഈ ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 17ന് ആരംഭിച്ച മഞ്ഞപ്പിത്ത ബാധ വേങ്ങൂരില്‍ ഇപ്പോഴും പൂര്‍ണ നിയന്ത്രണത്തിലായിട്ടില്ല. 43 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. മൂന്ന് പേര്‍ ഗുരുതരാവസ്ഥതയില്‍ തുടരുകയാണ്. ചികിത്സാസഹായം കണ്ടെത്തുന്നതിനായി പഞ്ചായത്ത് ചികിത്സാസഹായ നിധിയും രൂപീകരിച്ചിട്ടുണ്ട്.
രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍, എച്ച് ഐ വി ബാധിതര്‍, കരള്‍ രോഗ ബാധിതര്‍ എന്നിവര്‍ക്ക് ഹെപ്പറ്റൈറ്റിസ്-എ പിടിപെട്ടാല്‍ സ്ഥിതി ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തത്തിന് സ്വയം ചികിത്സ പാടില്ലെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായ ചികിത്സ തന്നെ തേടണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശിച്ചു.
രോഗബാധ കണ്ടുവരുന്ന പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ നടത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ നല്‍കാവൂ. രോഗലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും ചികിത്സ തേടണം. അശുദ്ധമായ വെള്ളത്തിലൂടെ രോഗം എളുപ്പത്തില്‍ പകരുമെന്നതിനാല്‍ ഐസും വെള്ളവുമെല്ലാം ശ്രദ്ധിച്ച് ഉപയോഗിക്കണം. പാത്രങ്ങള്‍ കഴുകാനും ശരീരം ശുചിയാക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. സെപ്റ്റിക് ടാങ്കുകളില്‍ നിന്ന് കിണറുകളിലേക്ക് വെള്ളം ചോരുന്നുണ്ടോയെന്ന് പരിശോധിക്കുകയും ഉണ്ടെങ്കില്‍ അതിന് അടിയന്തര പരിഹാരം കാണുകയും വേണമെന്നും ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശത്തിൽ പറയുന്നത്.
Read More: പ്ലസ് വൺ ഏകജാലകം; ഓൺലൈൻ അപേക്ഷ സമർപ്പണം നാളെ മുതൽ
Read More: സംസ്ഥാനം നാഥനില്ലാ കളരിയായി മാറി; ഡിജിപിയുണ്ടോ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല