തിരുവനന്തപുരം :മുൻ പ്രധാനമന്ത്രി ദേവഗൗഡ വെള്ളിയാഴ്ച്ച വൈകുന്നേരം ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനം, കെ.കൃഷ്ണൻകുട്ടിയുടെ മന്ത്രിസ്ഥാനം തെറിപ്പിച്ചേയ്ക്കും. കർണാടകത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്നായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തൽ. ദേശിയ തലത്തിലും സംസ്ഥാനത്തലത്തിലും ബിജെപിയുമായി നേർക്ക്നേർ പോരാടുന്നുവെന്ന് അവകാശപ്പെടുന്ന സിപിഐഎംന്റെ രാജ്യത്തെ ഏകമുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദേഹം ബിജെപി സഖ്യത്തെ പിന്തുണച്ചുവെന്നതിന് ഉദാഹരണമായി ദേവഗൗഡ ചൂണ്ടികാട്ടിയത് കേരള മന്ത്രിസഭ. ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് ശേഷവും പിണറായി സർക്കാരിൽ പാർട്ടിയ്ക്ക് മന്ത്രിസ്ഥാനമുണ്ട്. ഇടത്പക്ഷ മുന്നണിയിൽ നിന്നും പാർട്ടിയെ പുറത്താക്കിയില്ല. ഇതോടെ വെട്ടിലായത് പിണറായി വിജയനവും കേരളത്തിലെ ജനതാദൾ സെക്കുലർ പാർട്ടിയും. ജനതാദളിനെ മന്ത്രിസഭയിൽ നിലനിറുത്തിയാൽ ദേവഗൗഡയുടെ വെളിപ്പെടുത്തൽ ശരി വയ്ക്കുന്ന നടപടിയാകുമെന്ന് സിപിഐഎം ലെ ഉന്നത നേതൃത്വവും കരുതുന്നു. പതിറ്റാണ്ടായി എൽഡിഎഫ് മുന്നണിയുടെ ഭാഗമായിട്ടുള്ള നിരവധി പാർട്ടികളെ മന്ത്രിസ്ഥാനം നൽകാതെ പുറത്ത് നിറുത്തിയിരിക്കുകയാണ്. അവർക്ക് ആർക്കും നൽകാത്ത പരിഗണന ജനതാദളിന് നൽകേണ്ടതില്ലെന്നും വിമർശനം ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതികൂട്ടിലാക്കിയ ദേവഗൗഡയുടെ പ്രസ്ഥാവന സംസ്ഥാന നേതാക്കൾ തള്ളി പറഞ്ഞ് പ്രശ്നം പരിഹരിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മന്ത്രി കെ.കൃഷ്ണൻകുട്ടി പാലക്കാട് തിരക്കിട്ട് മാധ്യമങ്ങളെ കണ്ടു. ബിജെപി സഖ്യത്തെ പിന്തുണയ്ക്കുന്നില്ല എന്ന് വ്യക്തമാക്കി. പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട സംസ്ഥാന സെക്രട്ടറി മാത്യു ടി തോമസ് അതിരൂക്ഷമായ ഭാഷയിലാണ് ദേവഗൗഡയ്ക്കെതിരെ രംഗത്ത് വന്നത്. പ്രായാധിക്യം മൂലമാണ് ദേവഗൗഡ അങ്ങനെ പറഞ്ഞത്. പിണറായി വിജയൻ പാർട്ടിയുടെ ദേശിയ അദ്ധ്യക്ഷൻ ദേവഗൗഡയുമായി സംസാരിച്ചിട്ട് ഒരു വർഷമായി. ബിജെപിയുമായി സഖ്യത്തിലായ പാർട്ടിയുടെ നിലപാടിനെ കേരള നേതൃത്വം തള്ളി കളയുന്നു. പാർട്ടി നിലപാടല്ല ദേശിയ അദ്ധ്യക്ഷൻ ദേവഗൗഡ പറഞ്ഞതെന്നും മാത്യു ടി തോമസ് പറഞ്ഞു.
അതേ സമയം ബിജെപിയുമായി സിപിഐഎം സഖ്യമുണ്ടെന്ന് വ്യക്തമായെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീഷൻ പരിഹസിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഐഎം വിജയിച്ചത് ബിജെപി പിന്തുണയോടെയാണന്ന് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. ഇരുപാർട്ടികളും തമ്മിൽ അടുത്ത ബന്ധം. മുൻപ്രധാനമന്ത്രിയായ ദേവഗൗഡ കള്ളം പറയില്ലെന്നും ചെന്നിത്തല പറഞ്ഞു.
നവംബർ മാസം മന്ത്രിസഭയുടെ പുനസംഘടന നിശ്ചയിച്ചിട്ടുണ്ട്. ഏക എം.എൽ.എ മാർ മാത്രമുള്ള പാർട്ടികളുടെ മന്ത്രിമാരെ മാറ്റി നിയമിക്കും. ഗതാഗതവകുപ്പിൽ മാറ്റം വരുമെന്ന് ഉറപ്പായി. ഇതിനോടൊപ്പം ജനതാദൾ സെക്കുലർ മന്ത്രിയായ കെ.കൃഷ്ണൻകുട്ടിയേയും മാറ്റണമെന്നാണ് ഒരുവിഭാഗത്തിന്റെ ആവിശ്യം. പക്ഷെ അത് വരെ കാത്തിരിക്കേണ്ട എന്ന അഭിപ്രായം പാർട്ടിയുടെ ദേശിയ സമിതി അംഗങ്ങൾക്കുണ്ട്. തീരുമാനം എടുക്കേണ്ടത് സംസ്ഥാന സമിതിയാണ്. ദേവഗൗഡയുടെ പ്രസ്ഥാവന ലോക്സഭ തിരഞ്ഞെടുപ്പിലും കേരളത്തിൽ തിരിച്ചടിയാകും.അത് കൊണ്ട് എത്രയും വേഗം കൃഷ്ണൻകുട്ടിയെ മാറ്റി മുഖം രക്ഷിക്കാനുള്ള മാർഗങ്ങളും പിണറായി പക്ഷം ആലോചിക്കുന്നു.
ദേവഗൗഡയുടെ പ്രസ്ഥാവനയിൽ ഇത് വരെ സിപിഐഎം നേതാക്കൾ പ്രതികരിച്ചിട്ടില്ല. എല്ലാ വിഷയത്തിലും സംസാരിക്കാറുള്ള എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും മാധ്യമങ്ങളെ കാണാൻ തയ്യാറായിട്ടില്ല. ദേവഗൗഡ ജനതാദൾ എസ് ന്റെ ദേശിയ അദ്ധ്യക്ഷനായതിനാൽ സിപിഐഎംന്റെ ദേശിയ ഘടകം ദില്ലിയിൽ മറുപടി നൽകുമെന്ന് ചില നേതാക്കൾ അനൗദ്യോഗികമായി അറിയിക്കുന്നു.
Read Also :ഇത് എന്റെ കരിയറിൽ തന്നെ മറക്കാനാവാത്ത സംഭവം ; ഹണിയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ