കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇട്ടി നൗഷാദ് കഞ്ചാവുമായി എക്സൈസിൻ്റെ പിടിയിൽ. വടക്കൻ പറവൂർ മന്നം പനച്ചിക്കൽ വീട്ടിൽ നൗഷാദ് പി എച്ച് ആണ് പിടിയിലായത്.
ചെറായി മുതൽ വൈപ്പിൻ വരെയുള്ള കഞ്ചാവ് വിതരണത്തിന്റെ മുഖ്യ കണ്ണിയാണ് ഇയാൾ. ഞാറക്കൽ എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാറും പാർട്ടിയുമാണ് ഇയാളെ പിടികൂടിയത്.
ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന പ്രത്യേക പരിശോധനകൾക്കിടെയാണ് ഇയാൾ പിടിയിലായത്. പറവൂരിൽ നിന്നും സ്കൂട്ടറിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെ എക്സൈസ് സംഘത്തെ കണ്ട് ഇയാൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
എക്സൈസ് പാർട്ടി ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് വാഹനത്തിൽ നിന്നുമായി 250 ഗ്രാം കഞ്ചാവ് പിടികൂടിയത്.
തുടർന്ന് ഇയാൾ താമസിച്ചിരുന്ന വടക്കൻ പറവൂർ, മന്നത്തുള്ള വീട്ടിൽ നിന്നും ഒരു കിലോ കഞ്ചാവ് കൂടി പിടിച്ചെടുത്തു.
ഇയാൾക്കെതിരെ ഞാറക്കൽ, പറവൂർ പോലീസ് സ്റ്റേഷനുകളിലായി 20 ലധികം കേസുകൾ നിലവിലുണ്ട്. കഞ്ചാവുമായി പിടികൂടിയ കേസുകളാണ് അധികവും. പിടികൂടിയതിന് ശേഷവും ഇയാളുടെ ഫോണിലേക്ക് ലഹരി ആവശ്യക്കാരുടെ വിളികൾ തുടർച്ചയായി വന്നുകൊണ്ടിരുന്നു.
വിളിച്ച ഫോൺ കോളുകളും കഞ്ചാവിന്റെ ഉറവിടവും എക്സൈസ് പരിശോധിച്ചു വരികയാണ്. പറവൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഷോജോ വർഗീസ് ദേഹ പരിശോധന നടത്തി.
എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റൻറ് ഇൻസ്പെക്ടർമാരായ ഹാരിസ്, ഷിബു, പ്രിവൻ്റീവ് ഓഫീസർ ഷൈൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്, സാബു, ദീപു ദേവദാസ്, മുഹമ്മദ് വനിതാ സിവിൽ എക്സൈസ് ഓഫീസർ ജീമോൾ എന്നിവരും ഉണ്ടായിരുന്നു.