സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴികെയുള്ള എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കനലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ലഭിക്കും എന്നാണ് പ്രവചനം. നാളെ അഞ്ച് ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് നാളെ മഴ ലഭിക്കാൻ സാധ്യത. ഏപ്രിൽ 26 നും 27 നും എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിൽക്കുന്നു.
ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം: ഇടി മിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത – ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതു ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻ കരുതലുകൾ സ്വീകരിക്കുന്നതിൽ മടിക്കരുത്.