സ്കൂൾ ഉച്ചഭക്ഷണത്തിൽ രസവും അച്ചാറും കറികളായി കണക്കാക്കാൻ കഴിയില്ലെന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി. ദിവസവും രണ്ടുതരം കറികള്‍ വേണമെന്നാണ് നിർദേശം. two types of curries daily
പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം. കൂടാതെ ആഴ്ചയില്‍ ഒരുദിവസം ഒരു മുട്ട, ഒരു ഗ്ലാസ് പാല്‍ എന്നിവ നല്‍കണമെന്നും നിർദേശമുണ്ട്.
കറികളിൽ എപ്പോഴും വ്യത്യാസം നിലനിർത്തണം. ചെറുപയർ, വൻപയർ, കടല, ഗ്രീൻ പീസ്, മുതിര എന്നിവ കറികളിൽ ഉൾപ്പെടുത്തുന്ന വിധമാക്കണം തയ്യാറാക്കേണ്ടതെന്നും പറയുന്നുണ്ട്. ഉത്തരവിനൊപ്പം ഇതിനുവേണ്ടിയുള്ള സാംപിളും നൽകിയിട്ടുണ്ട്.
സാംപിൾ മെനു :
തിങ്കൾ: ചോറ്, അവിയൽ, പരിപ്പുകറി
ചൊവ്വ: ചോറ്, തോരൻ, എരിശ്ശേരി
ബുധൻ: ചോറ്, തോരൻ (ഇലക്കറി), സാമ്പാർ
വ്യാഴം: ചോറ്, തോരൻ, സോയാ കറി/കടലക്കറി/ പുളിശ്ശേരി
വെള്ളി: ചോറ്, തോരൻ, ചീര പരിപ്പുകറി
ഫണ്ടിന്റെ ലഭ്യതയനുസരിച്ച് മത്സ്യവും മാംസവും ഉൾപ്പെടുത്താമെന്ന് പറയുന്നുണ്ട്. എന്നാൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് വേണം ഇവ പാചകം ചെയ്ത് നൽകേണ്ടതെന്നുമാണ് ഉത്തരവ്. 500 കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ഒരാളേയും 500ൽ കൂടുതൽ കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ 2 തൊഴിലാളികളേയുമാണ് നിയമിക്കാവുന്നത്.
എൽപി സ്കൂളിൽ 6 രൂപയും യുപിയിൽ 8.17 രൂപയുമാണ് ഒരു കുട്ടിക്കുള്ള പ്രതിദിന ഉച്ചഭക്ഷണത്തിന്റെ വിഹിതം. സ്കൂളിലെ ഏതു ഫണ്ടും ഉപയോഗിച്ചുകൊണ്ട് പദ്ധതി മുടക്കം വരാതെ മുന്നോട്ടു കൊണ്ടുപോകാമെന്നാണ് വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. തദേശസ്ഥാപന സഹകരണത്തോടെയും സ്പോൺഷർഷിപ്പിലൂടെയും എല്ലാ പ്രൈമറി സ്കൂളുകളിലും പ്രഭാത ഭക്ഷണം കൂടി ഉൾപ്പെടുത്തണമെന്നാണ് നിർദേശം.