വളർത്തുപൂച്ച വിചിത്രമായി പെരുമാറുന്ന കാരണം കണ്ടെത്താൻ ചിലവാക്കിയത് 33,000 രൂപ
തന്റെ വളർത്തുപൂച്ചയിൽ അടുത്തിടെ പ്രകടമായ ചില അസാധാരണമായ പെരുമാറ്റങ്ങളാണ് ഒരു പൂച്ചയുടമയെ മൃഗഡോക്ടറുടെ അടുത്തേക്ക് എത്തിച്ചത്.
ഭക്ഷണം കഴിക്കാതിരിക്കുക, അമിതമായി കരയുക, ഒളിച്ചിരിക്കുക തുടങ്ങിയ മാറ്റങ്ങൾ തുടർച്ചയായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചികിത്സ തേടിയത്.
എന്നാൽ പരിശോധനകൾക്ക് ശേഷം ലഭിച്ച ഉത്തരമാണ് ഉടമയെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചത്. പൂച്ചയ്ക്ക് ഗുരുതരമായ ശാരീരിക രോഗമല്ല, മറിച്ച് ‘സെപ്പറേഷൻ ആങ്സൈറ്റി’ (Separation Anxiety) എന്ന മാനസികാവസ്ഥയാണെന്ന് ഡോക്ടർ വ്യക്തമാക്കി.
ഈ കണ്ടെത്തലിനായി ഏകദേശം 400 ഡോളർ, അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 33,000 രൂപയാണ് ഉടമയ്ക്ക് ചെലവായത്.
റെഡ്ഡിറ്റിൽ ‘LilaFowler88’ എന്ന യൂസർ നെയിമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഈ അനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ഡോക്ടറുടെ മുറിയിൽ ഭിത്തിയോട് ചേർന്ന് ഭയന്നിരിക്കുന്ന പോലെ നിൽക്കുന്ന തന്റെ പൂച്ചയുടെ ചിത്രവും യുവതി പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
“400 ഡോളറിന്റെ പരിശോധനകൾക്ക് ശേഷം മനസ്സിലായത് പൂച്ചയ്ക്ക് സെപ്പറേഷൻ ആങ്സൈറ്റി ആണെന്ന്” എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
പൂച്ചകൾ പൊതുവേ സ്വതന്ത്രസ്വഭാവമുള്ളവയാണെന്നും ഉടമകളിൽ അധികമായി ആശ്രയിക്കാറില്ലെന്നും ആണ് സാധാരണ ധാരണ. എന്നാൽ വിദഗ്ധർ പറയുന്നത്,
ചില പൂച്ചകൾക്ക് ഉടമകളിൽ നിന്ന് അകന്നുനിൽക്കുമ്പോൾ നായ്ക്കളെപ്പോലെ തന്നെ കടുത്ത മാനസിക സമ്മർദ്ദവും ഉത്കണ്ഠയും അനുഭവപ്പെടാമെന്നാണ്. ഒറ്റയ്ക്കാകുന്ന സാഹചര്യങ്ങളാണ് ഇത്തരം സെപ്പറേഷൻ ആങ്സൈറ്റിക്ക് പ്രധാന കാരണം.
ഈ മാനസികാവസ്ഥ തിരിച്ചറിയാൻ ചില ലക്ഷണങ്ങൾ സഹായകരമാണ്. വിശപ്പില്ലായ്മ, അമിതമായി കരയുക, വീട്ടിലെ സാധനങ്ങൾ കടിച്ചുനശിപ്പിക്കുക.
ആളൊഴിഞ്ഞ ഇടങ്ങളിൽ ഒളിച്ചിരിക്കുക, ശരിയായ സ്ഥലത്തല്ലാതെ മലമൂത്രവിസർജനം നടത്തുക തുടങ്ങിയവയാണ് സാധാരണയായി ഇത്തരം പൂച്ചകളിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ.
സെപ്പറേഷൻ ആങ്സൈറ്റി നിയന്ത്രിക്കാൻ ചില ലളിതമായ മാർഗങ്ങൾ സ്വീകരിക്കാമെന്ന് മൃഗചികിത്സകർ നിർദേശിക്കുന്നു.
ഭക്ഷണത്തിനും കളിക്കുമായി കൃത്യമായ സമയക്രമം നിശ്ചയിക്കുക, ഉടമ വീട്ടിലില്ലാത്ത സമയത്ത് പൂച്ചയ്ക്ക് കളിക്കാനായി വിവിധ കളിപ്പാട്ടങ്ങൾ നൽകുക.
വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുൻപ് കുറച്ചുസമയം പൂച്ചയോടൊപ്പം ചെലവഴിക്കുക എന്നിവ ഫലപ്രദമായ മാർഗങ്ങളാണ്.
കൂടാതെ, പൂച്ചയ്ക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം ഒരുക്കുന്നതും ഈ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.









