ഒന്നരമാസമായി തുടരുന്ന ഗസ്സയിലെ നരനായാട്ടിന് താൽക്കാലിക അറുതി. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തീരുമാനിച്ച കരാറിനെ ഇസ്രായേൽ പിന്തുണച്ചു. മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും വെടിനിർത്തൽ കരാറിനോട് യോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് വിവരം. ആറ് ആഴ്‌ച്ചയിലേറെയായി നീണ്ടു നിൽക്കുന്ന യുദ്ധത്തിനാണ് ഇതോടെ താത്കാലികമായി വിരാമമാകുന്നത്.
ബന്ദികളാക്കപ്പെട്ടവരിൽ 50 പേരെ മോചിപ്പിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് താത്കാലിക വെടിനിർത്തൽ നടപ്പിലാക്കുന്നത്. സ്ത്രീകളേയും കുട്ടികളേയുമാണ് ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുന്നത്. നാല് ദിവസങ്ങളിലായി ഘട്ടം ഘട്ടമായിട്ടായിരിക്കും ബന്ദികളെ മോചിപ്പിക്കുന്നത്. ഈ നാല് ദിവസങ്ങളിലും ഇസ്രായേലിന്റെ ഭാഗത്ത് നിന്നും യാതൊരു വിധത്തിലുള്ള ആക്രമണങ്ങളും ഉണ്ടാകില്ല. കരാർ യുദ്ധം അവസാനിപ്പിക്കാനല്ലെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കരാറിന്റെ ഭാഗമാകില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്;
തെക്കൻ ഗസ്സയിൽ നാല് ദിവസം ഇസ്രേയൽ ഡ്രോണുകൾ അയക്കില്ല.
ഗസ്സ മുനമ്പിലെ എല്ലാ മേഖലകളിലും ഇസ്രായേൽ സൈനിക നടപടികൾ അവസാനിപ്പിക്കും.
മെഡിക്കൽ, ഇന്ധന, ഭക്ഷണ വിതരണത്തിനായി നൂറുകണക്കിന് ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടും
വെടിനിർത്തൽ കാലയളവിൽ ഗസ്സ മുനമ്പിൽ ഇസ്രായേൽ ആരെയും ആക്രമിക്കുകയില്ല.
വടക്കൻ ഗസ്സയിൽ പ്രാദേശിക സമയം രാവിലെ 10 നും വൈകുന്നേരം 4 നും ഇടയിൽ പ്രതിദിനം ആറ് മണിക്കൂർ ഡ്രോൺ പറത്തില്ല.
കരാർ പ്രാബല്യത്തിൽ വരുന്നതിന് ഇനിയും കടമ്പകൾ കടക്കാനുണ്ട്. അതിന് ശേഷമേ ഗസ്സയിൽ ഇസ്രായേൽ വെടിനിർത്തലും ബന്ദികൈമാറ്റവും നടക്കുകയുള്ളൂ. ഇസ്രായേൽ മന്ത്രിസഭ വെടിനിർത്തൽ കരാറിന് അനുകൂലമായി വോട്ട് ചെയ്ത വിവരം ഖത്തറിനെ ഔദ്യോഗികമായി അറിയിക്കണം. അതിന് ശേഷം കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഖത്തർ നിർവഹിക്കും. ഈ കരാറിൽ എതിർപ്പുള്ള ഏതൊരു ഇസ്രായേലിക്കും 24 മണിക്കൂറിനുള്ളിൽ ഈ തീരുമാനത്തിനെതിരെ ഇസ്രായേൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാം. ഈ കാലയളവിൽ ഗസ്സയിലെ തടവുകാരെയോ ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയോ മോചിപ്പിക്കില്ല. അപ്പീൽ കാലാവധി കഴിഞ്ഞാൽ എതിർപ്പുകൾ ഒന്നും ഇല്ലെങ്കിൽ തടവുകാരുടെ ആദ്യ കൈമാറ്റം നാളെയോ മറ്റന്നാളോ പ്രാബല്യത്തിൽ വരും.