‘എല്ലാ നിബന്ധനകളും അംഗീകരിച്ച് കീഴടങ്ങുക’; ഹമാസിന് അന്ത്യശാസനവുമായി ഇസ്രായേൽ
വാഷിംഗ്ടൺ: ഹമാസിനെ നിരായുധീകരിക്കുകയും ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ചെയ്താൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാനാകൂ, അല്ലെങ്കിൽ ഗാസ നഗരം നശിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി.
ഗാസയിൽ വിപുലമായ ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഉടൻ തന്നെ ഗാസയിലെ ഹമാസിന്റെ കൊലപാതകികളുടെയും ബലാത്സംഗികളുടെയും മേൽ “നരകത്തിന്റെ വാതിലുകൾ” തുറക്കുമെന്ന് കാറ്റ്സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഇസ്രായേലിന്റെ നിബന്ധനകൾ അംഗീകരിച്ച് എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഹമാസിനെ നിരായുധീകരിക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇല്ലെങ്കിൽ ഗാസയുടെ തലസ്ഥാനം റഫയുമായി, ബെയ്ത് ഹനൂനുമായി മാറുമെന്നും, ഇതിനകം തന്നെ ഇസ്രായേൽ ആക്രമണങ്ങളിൽ രണ്ട് നഗരങ്ങൾ ഗുരുതരമായി തകർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസ നഗരം പിടിച്ചെടുക്കാൻ സൈന്യത്തിന് അധികാരം നൽകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന. ബന്ദികളെയെല്ലാം മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അടിയന്തര ചർച്ചകൾക്ക് ഉത്തരവിട്ടതായി നെതന്യാഹു വ്യക്തമാക്കി.
ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനും ഹമാസിന്റെ ശക്തികേന്ദ്രം ഇല്ലാതാക്കാനുമുള്ള ഓപ്പറേഷനോടൊപ്പം ബന്ദി മോചന ശ്രമവും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗാസ നഗരം പിടിച്ചടക്കുന്നതിനായി ഏകദേശം 60,000 റിസർവ് സൈനികരെ വിളിക്കാനുള്ള അനുമതി പ്രതിരോധ മന്ത്രാലയം നൽകിയിട്ടുമുണ്ട്.