ജറുസലം: വടക്കൻ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെല്ലാം ഉന്മൂലനം ചെയ്തതായി ഇസ്രയേൽ സൈന്യം. യുദ്ധം ആരംഭിച്ച് മൂന്നാം മാസമാണ് ഇസ്രയേൽ സൈന്യത്തിന്റെ വെളിപ്പെടുത്തൽ. വടക്കൻ ഗാസയിലെ ഹമാസ് സൈനിക ശൃംഖല പൂർണമായി തകർത്തുവെന്ന് സൈനിക വക്താവ് ഡാനിയേൽ ഹഗാരി അറിയിച്ചു. ഈ പ്രദേശത്ത് ഹമാസ് കമാൻഡർമാരുടെ സാന്നിധ്യം ഇല്ലാതെയാണു കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. മധ്യ, തെക്കൻ ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ തകർക്കുകയെന്നാണ് അടുത്ത ലക്ഷ്യം. അതിനു കൂടുതൽ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ ഏഴിലെ ആക്രമണത്തിനുശേഷം ഹമാസിനെ പൂർണമായും തുടച്ചുനീക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഗാസയിൽ ഒക്ടോബർ 7നുശേഷം കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 22,722 ആയി. 5,81,666 പേരാണ് പരിക്കേറ്റു കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 122 പേർ കൊല്ലപ്പെട്ടു. ഏറ്റവും രൂക്ഷമായ ആക്രമണം നടക്കുന്ന തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വീടുകൾക്കു മുകളിൽ ബോംബിട്ടതിനെത്തുടർന്ന് 22 പേരാണ് കൊല്ലപ്പെട്ടത്. ഇവിടെ അൽ അമൽ ആശുപത്രി പരിസരത്തു കനത്ത പീരങ്കിയാക്രമണവും വെടിവയ്പും തുടരുകയാണെന്നു പലസ്തീൻ റെഡ‍് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
വ്യോമാക്രമണത്തിലൂടെയും കരയുദ്ധത്തിലൂടെയുമാണ് ഇസ്രയേൽ ഗാസയിൽ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു കൊണ്ടിരിക്കുന്നത്. ഹമാസ് ആക്രമണത്തിൽ 1,140 ഇസ്രയേലികളും കൊല്ലപ്പെട്ടു. 250 ഓളം പേരെ ഹമാസ് ബന്ദികളാക്കിയെന്നും അവരിൽ 132 പേർ തടവിലാണെന്നും ഇസ്രയേൽ പറയുന്നു.
Read Also: അമ്മയുടെ കണ്മുന്നിൽ മൂന്നുവയസ്സുകാരിയെ പുലി ആക്രമിച്ചു കൊന്നു; സംഭവം നീലഗിരിയിൽ