ന്യൂഡൽഹി∙ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവുമടുപ്പമുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിരമിച്ചശേഷവും കേരളത്തിൽ സുപ്രധാന പദവി വഹിക്കുന്ന അദ്ദേഹമാണു പത്മജയുടെ ബിജെപി പ്രവേശത്തിന് ഇടനിലക്കാരനായി പ്രവർത്തിച്ചത്. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനുസിപിഎമ്മിനു പങ്കുണ്ടെന്ന് ആവർത്തിക്കുകയാണ് സതീശൻ.ഇന്നലെ രാത്രി വൈകി മാധ്യമങ്ങളെ കണ്ടപ്പോഴും പത്മജയുടെ ബിജെപി പ്രവേശത്തിൽ സിപിഎമ്മിനെതിരെ വി.ഡി.സതീശൻ രംഗത്തെത്തിയിരുന്നു. വിരമിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇടനിലക്കാരനായതെന്നും ആരോപിച്ചു. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ ആണോ ഉദ്ദേശിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതു നിങ്ങൾ തന്നെ അന്വേഷിക്കൂ എന്നായിരുന്നു സതീശന്റെ പ്രതികരണം.
പത്മജ ബിജെപിയിലേക്കു പോയതിൽ ഏറ്റവും സന്തോഷം സിപിഎം നേതാക്കൾക്കായിരുന്നു. കോൺഗ്രസിനെ ദുർബലമാക്കുമെന്ന കണക്കുകൂട്ടലിലാണ് അത്. എന്നാൽ അവർക്കു തെറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവരോടു പറയാനുള്ളത്. വരുന്ന ദിവസങ്ങളിൽ ഇതിനു മറുപടി പറയും. ആരാണു സംഘപരിവാറിനെതിരെ പോരാടുന്നതെന്നും ആരാണ് സംഘപരിവാറുമായി സന്ധി ചെയ്തതെന്നും കേരളത്തിലെ ജനങ്ങൾക്കു ബോധ്യമാകുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനിച്ച സ്ഥാനാർഥികളിൽ ഒരു മാറ്റവും വന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം കൂടുതൽ പറയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.