കഴിഞ്ഞ ദിവസമുണ്ടായ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.(Iran will avenge the killing of Hamas leader Ismail Haniyeh)
‘‘എത്ര ശക്തമായി ഇറാൻ തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെൽ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോൺ–മിസൈൽ സംയോജിത ആക്രമണമാണ് ഇറാൻ സൈനിക കമാൻഡർമാരുടെ പരിഗണനയിലുള്ളത്.’’ ഇറാൻ കമാൻഡർമാർ പറഞ്ഞു.
ഹനിയയുടെ മരണത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ ഇറാൻ നേരിട്ട് തിരിച്ചടിക്കുമെന്ന് ഖമനയി സൂചിപ്പിച്ചിരുന്നു. ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് കടമയായി കാണുന്നുവെന്നാണ് ഖമനയി വ്യക്തമാക്കിയത്. ഹനിയ വധത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഖമനയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.