കൊൽക്കത്ത: ക്രിക്കറ്റ്ആരാധകർ അത്യധികം ആവേശത്തോടെ കാത്തിരിക്കുന്ന ഐ.പി.എൽ മാമാങ്കത്തിന് ഇന്ന് തുടക്കമാകും.
ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ ഇന്ന് വൈകിട്ടാണ് തുടങ്ങുന്നത്. ശനിയാഴ്ച വൈകീട്ട് ഏഴരയ്ക്കാണ് ഐപിഎൽ 2025-ലെ ആദ്യ മത്സരം തുടങ്ങുക. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം നടക്കുക. ഏഴ് മണിക്കാണ് ടോസ്.
അതേസമയം, ആരാധകർക്ക് നിരാശ സമ്മാനിക്കുന്നൊരു മറ്റൊരു വാർത്തയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൽ നിന്ന് ഇപ്പോൾ വരുന്നത്.
2025 ഐപിഎല്ലിലെ ഉദ്ഘാടന മത്സരം അരങ്ങേറുന്ന ഈഡൻ ഗാർഡൻ സ്റ്റേഡിയം ഉൾപ്പെടുന്ന കൊൽക്കത്തയിൽ മത്സരം നടക്കുന്ന ശനിയാഴ്ച ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കൊൽക്കത്ത ഉൾപ്പെടെയുള്ള പശ്ചിമ ബംഗാളിലെ ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ന്യൂ ആലിപ്പുർ ഓഫീസ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചുകഴിഞ്ഞു. ഇടി, മിന്നൽ, ശക്തമായ കാറ്റ് എന്നിവയും ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിട്ടുണ്ട്.
വൈകിട്ട് ആറു മണി മുതലാണ് ഐപിഎല്ലിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങുക. ശ്രേയ ഘോഷാൽ, ദിഷ പട്ടാണി എന്നിവർ ഉൾപ്പെടെയുള്ള താരങ്ങൾ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. ഇതിനിടെയാണ് ഭീഷണിയായി മഴമുന്നറിയിപ്പ് എത്തിയത്.