ആദിവാസി സ്ത്രീയുടെ മരണം; അഴിയാതെ ദുരൂഹത
പീരുമേട്: പീരുമേട്ടില്‍ ആദിവാസി സ്ത്രീ വനത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വൈകുന്നു.
പ്ലാക്കത്തടം കോളനിയിലെ സീത (42) ആണ് കഴിഞ്ഞ 13ന് ഉള്‍വനത്തില്‍ മീന്‍മുട്ടി ഭാഗത്ത് കൊല്ലപ്പെട്ടത്. സംഭവം നടന്ന് അഞ്ചാം ദിവസവും മരണത്തില്‍ ദുരൂഹത തുടരുകയാണ്.
സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ലെന്നും ശരീരത്തില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം ചെയ്ത സര്‍ജന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഇതോടെ സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. സംഭവ സ്ഥലം പരിശോധിച്ച വിദഗ്ദ സംഘം ആക്രമണം നടന്നെന്ന് കരുതുന്ന സ്ഥലത്ത് കാട്ടാനയുടെ സാനിധ്യം കണ്ടെത്തിയിരുന്നു.
ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!
എന്നാല്‍ സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും സീത മരിച്ചത് കാട്ടാന ആക്രമണത്തിലാണോ, മറ്റാരെങ്കിലും കൊലപ്പെടുത്തിയതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
കൊല്ലപ്പെട്ടത് ആദിവാസി സ്ത്രീ ആയതിനാല്‍ തന്നെ ഏത് വിധേനയായാലും അത് തെരഞ്ഞെടുപ്പിനെ ദോഷകമായി ബാധിക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കിയിട്ടുണ്ട്.
ഇതോടെ അന്വേഷണം വൈകിപ്പിക്കാന്‍ ഉന്നതതല ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലാണെങ്കില്‍ വന്യമൃഗ ശല്യം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാനുള്ള സാധ്യതയുണ്ട്.
നേരെ മറിച്ച് കൊലപാതകമാണെങ്കിലും ആദിവാസി സ്ത്രീ ആയതിനാല്‍ ഇതും തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഈ രണ്ട് സാഹചര്യങ്ങളാണ് അന്വേഷണം വൈകിപ്പിക്കുന്നതിനു പിന്നിലെന്നാണ് വിവരം.
സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. വിവാദമായ കേസുകളില്‍ പോസ്റ്റ് മോര്‍ട്ടം നടന്നാല്‍ ഉടന്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റ് മോര്‍ട്ടത്തിലെ വിവരങ്ങള്‍ കൈമാറാറുണ്ട്.
സീതയുടെ മരണത്തില്‍ പോസ്റ്റ് മോര്‍ട്ടം നടന്നതിനു പിന്നാലെ തന്നെ സര്‍ജന്‍ വിവരങ്ങള്‍ മാധ്യമങ്ങളോടടക്കം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
സീതയുടെ വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും ശരീരത്തില്‍ ഗുരുതരമായ പരുക്കുകള്‍ ഉണ്ടെന്നും സര്‍ജന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ആന ആക്രമിച്ചതാകാനുള്ള സാധ്യത കുറവാണെന്നും സര്‍ജന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന നിലപാടിലാണ് പോലീസ്. കഴിഞ്ഞ ദിവസം സീതയുടെ ഭര്‍ത്താവ് ബിനുവിനെയും രണ്ട് കുട്ടികളെയും പോലീസ് മൊഴിയെടുക്കാന്‍ സ്‌റ്റേഷനിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ മൊഴിയില്‍ സംശയകരമായി ഒന്നുമില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 13നാണ് പ്ലാക്കത്തടത്ത് കുടില്‍കെട്ടി താമസിക്കുന്ന സീതയും ഭര്‍ത്താവ് ബിനുവും രണ്ട് മക്കളും ഉള്‍വനത്തില്‍ കാട്ടു വിഭവം ശേഖരിക്കാന്‍ പോയത്.
ഉള്‍വനത്തിലെ മീന്‍മുട്ടില്‍ കാട്ടാന സീതയെ ആക്രമിച്ചെന്നും താനും മക്കളും അത്ഭുതകമായി രക്ഷപെട്ടെന്നും ബിനു ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ബന്ധുക്കളും ചേര്‍ന്ന് വനത്തിനുള്ളില്‍ ചെന്ന് ഇവരെ പുറത്തെത്തിച്ചു. കാട്ടാന ആക്രമിച്ച സ്ഥലത്തു നിന്നും രണ്ട് കിലോമീറ്ററോളം സീതയെ ചുമന്നു കൊണ്ടു നടന്നതായിട്ടാണ് ബിനുവിന്റെ മൊഴി.
പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തിലാണ് സീതയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നത്.
Summary:
The investigation into the mysterious death of a tribal woman in the forests of Peermade is facing delays.