തിരുവനന്തപുരം : മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് ഉടൻ നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഡിജിപി നിർദേശിച്ചു.Investigation in drug cases should be completed as soon as possible
സംസ്ഥാനത്ത് ഇക്കൊല്ലം ജൂണ്‍ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടര്‍നടപടികളുടെയും അവലോകനം പോലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു അവലോകനം.
സ്കൂൾ, കോളേജ് അധികൃതരുമായി സംസാരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജനമൈത്രി പോലീസിനെ ചുമതലപ്പെടുത്തും.
കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന് എറണാകുളം ജില്ലയിൽ നടപ്പാക്കിയ മാപ്പിങ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടപ്പിലാക്കും.
രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്തും. സോൺ ഐ ജിമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തും. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തും.
ജില്ലകളിലെ സ്പെഷ്യൽ ബ്രാഞ്ച് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനം നൽകും. ചാർജ് ഷീറ്റ് നൽകാൻ വൈകുന്ന പോക്സോ കേസുകൾ റേഞ്ച് ഡിഐജി മാർ വിലയിരുത്തി നടപടി സ്വീകരിക്കും.”