ഇന്റർനാഷനൽ ബുക്കർ പ്രൈസ് വീണ്ടും ഇന്ത്യയിലേക്ക്. കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖ് ആണ് അവാർഡിന് അർഹയായത്. ദക്ഷിണേന്ത്യയിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെയും പോരാട്ടങ്ങളെയും വിവരിക്കുന്ന 12 ചെറുകഥകളുടെ സമാഹാരമായ ‘ഹാർട്ട് ലാംപി’നാണ് ബാനു മുഷ്താഖ് പുരസ്കാരത്തിന് അര്‍ഹയായത്.
ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച സോൾവായ് ബാലിന്റെ ‘ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ’, വിൻസന്റ് ദി ലക്വയുടെ ‘സ്മോൾ ബോട്ട്’, ഹിരോമി കവകാമിയുടെ ‘അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്’, വിൻ സെൻസോ ലാട്രോനികോയുടെ ‘പെർഫെക്ഷൻ’, ആൻ സേറയുടെ ‘എ ലെപേഡ് സ്കിൻ ഹാറ്റ്’ എന്നിവയെ പിന്തള്ളിയാണ് ഹാര്‍ട്ട് ലാംപ് പുരസ്കാരം നേടിയത്.
മറ്റു ഭാഷകളിൽ നിന്ന് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണു ബുക്കർ ഇന്റർനാഷനൽ പുരസ്കാരം ഏര്‍പ്പെടുത്തിയത്. മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് കഥാസമാഹാരം ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്.
55 ലക്ഷം രൂപയാണ് സമ്മാനത്തുക രചയിതാവിനും വിവർത്തനം ചെയ്യുന്നയാൾക്കും ഈ തുക പങ്കിട്ടുനല്‍കും. ഓരോരുത്തർക്കും ഒരു ട്രോഫിയും സമ്മാനമായി നൽകും. 30 വർഷത്തിലേറെയായി എഴുതിയ കഥകളുടെ സമാഹാരമാണ് ഹാര്‍ട്ട് ലാംപ്.