കോഴിക്കോട്: എക്സിറ്റ് പോൾ ഫലം പുറത്തു വന്നതോടെ ദേശീയ പാര്‍ട്ടിയെന്ന പദവിയും ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രവും നഷ്ടപ്പെടുമെന്ന് സിപിഎമ്മിന് ആശങ്ക.എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർഥ്യമായാൽ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ ആശങ്കപ്പെട്ടതു തന്നെ നടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പുറത്തുവന്ന സർവേകളൊന്നും കേരളത്തിൽ നാലിനു മുകളിൽ സീറ്റുകൾ എൽഡിഎഫിനു നൽകുന്നില്ല.
ഇന്ത്യയിൽ നിലവിൽ ആറ് പാർട്ടികൾ ദേശീയ പാർട്ടികളായി കണക്കാക്കപ്പെടുന്നു – കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി (ബിജെപി), നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), എഎപി, സിപിഐ എം എന്നിവയാണ് അവ.
സംസ്ഥാന പദവി നഷ്ടമാകാതിരിക്കാൻ കേരളത്തിൽനിന്ന് ചുരുങ്ങിയത് 8 സീറ്റെങ്കിലും പിടിക്കണം. 12 സീറ്റുകൾ ലഭിക്കുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ പാർട്ടി കമ്മിറ്റികളുടെ കണക്കുകളെ അസ്ഥാനത്താക്കി ഒരു സീറ്റും എൽഡിഎഫിനു ലഭിക്കില്ലെന്നുവരെ ചില സർവേകൾ പറഞ്ഞുവയ്ക്കുന്നു. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുകയും ദേശീയ പദവി നഷ്ടപ്പെടുകയും ചെയ്താൽ അത് സിപിഎമ്മിനും ഇടതുമുന്നണിക്കും നൽകുന്ന ഷോക്ക് ചെറുതായിരിക്കില്ല.
ദേശീയ പാർട്ടിയാകാൻ വേണ്ടത് കുറഞ്ഞത് നാലു സംസ്ഥാനങ്ങളിലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ ആറുശതമാനം വോട്ടും 4 എംപിമാരുമാണ്. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി ഉണ്ടാകണമെന്നും നിയമമുണ്ട്. നിലവിൽ കേരളം, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളിൽ മാത്രമാണു സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. ഈ രണ്ട് ചട്ടങ്ങളും പാർട്ടിക്കു വെല്ലുവിളിയാണ്. ആയതിനാൽ മൂന്നാമത്തെ മാനദണ്ഡം ഉപയോഗിച്ചു ദേശീയ പാർട്ടി പദവി നിലനിർത്താനാണ് സിപിഎം ശ്രമിച്ചത്. എന്നാൽ അതും പാളുമെന്ന ഭയത്തിലാണ് സി.പി.എം.മൂന്നു സംസ്ഥാനങ്ങളില്‍നിന്നായി ലോക്‌സഭയില്‍ രണ്ടു ശതമാനം സീറ്റ് എന്നതാണ് അവസാന മാനദണ്ഡം. ഇപ്പോഴത്തെ കണക്ക് പ്രകാരം 11 സീറ്റ് ലഭിക്കണം.മൂന്നു സംസ്ഥാനങ്ങളിൽ നിന്നായി 11 എംപിമാരെ കിട്ടാൻ കേരളത്തിൽനിന്ന് സിപിഎമ്മിന് കുറഞ്ഞത് എട്ടുസീറ്റെങ്കിലും വേണം. തമിഴ്നാട്ടിൽ ഇത്തവണയും ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ രണ്ടുസീറ്റിലാണ് സിപിഎം മത്സരിക്കുന്നത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിൽ ഒന്നിൽ മാത്രമാണ് സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) വിജയിച്ചത്. ആലപ്പുഴ മണ്ഡലത്തിൽ എ എം ആരിഫായിരുന്നു അത്. മൊത്തത്തിൽ, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, 1.75% വോട്ട് വിഹിതത്തോടെ, കേരളത്തിൽ നിന്ന് ഒരാളും തമിഴ്‌നാട്ടിൽ നിന്ന് രണ്ട് പേരും ഉൾപ്പെടെ മൂന്ന് ലോക്‌സഭാ അംഗങ്ങളെ സിപിഐ(എം) ഉറപ്പിച്ചു. രാജ്യസഭയിൽ അഞ്ച് സീറ്റുകളുമുണ്ട്.
മന്ത്രി കെ.രാധാകൃഷ്ണനെയും ജനപ്രിയ എംഎല്‍എ കെ.കെ.ശൈലജയെയുമടക്കം കളത്തിലിറക്കിയത് പരമാവധി സീറ്റ് നേടുക എന്ന ലക്ഷ്യത്തോടെയാണ്. പിബി അംഗം, മന്ത്രി, 3 എംഎൽമാർ, 3 ജില്ലാ സെക്രട്ടറിമാർ എന്നിവരെയാണു മത്സരത്തിനിറക്കിയത്. രാജ്യത്തെ എണ്ണം പറഞ്ഞ 6 ദേശീയ പാർട്ടികളിൽ ഒന്നായി നിലനില്‍ക്കാന്‍ പയറ്റാവുന്ന തന്ത്രങ്ങളെല്ലാം സിപിഎം പുറത്തിറക്കി. കേരളത്തിൽ ഇത്തവണ 15 സീറ്റിലാണ് സിപിഎം മത്സരിച്ചത്. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും പൊന്നാനിയില്‍ കെ.എസ്.ഹംസയും ഉൾപ്പെടെ എല്ലാവരും മത്സരിച്ചത് പാര്‍ട്ടി ചിഹ്നത്തിൽ.
സ്വന്തം ചിഹ്നത്തില്‍ പരമാവധി വോട്ട് സമാഹരിച്ച് കൂടുതൽ പേരെ ലോക്‌സഭയിലേക്കു ജയിപ്പിക്കാനായിരുന്നു ഈ നീക്കം. 2004ൽ 43 എംപിമാരുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോഴുള്ളത് 3 എംപിമാരാണ്. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഭരണമുണ്ടായിരുന്ന പാർട്ടിക്ക് നിലവിൽ ഭരണം കേരളത്തിൽ മാത്രം. ആറ്റിങ്ങൽ, പത്തനംതിട്ട, ചാലക്കുടി, ആലത്തൂർ, പാലക്കാട്, വടകര, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലാണ് സിപിഎമ്മിനു കൂടുതൽ പ്രതീക്ഷ.
ഇരുപത് വർഷം മുമ്പ് 2004-ൽ പശ്ചിമ ബംഗാളിൽ നിന്ന് 26, കേരളത്തിൽ നിന്ന് 12, തമിഴ്‌നാട്ടിൽ നിന്ന് രണ്ട്, ത്രിപുരയിൽ നിന്ന് രണ്ട്, ആന്ധ്രാപ്രദേശിൽ നിന്ന് ഒന്ന് എന്നിങ്ങനെ 43 സീറ്റുകളും 5.66% വോട്ട് ഷെയറും ഉൾപ്പെടെ 43 സീറ്റുകൾ സിപിഐ എമ്മിന് ഉണ്ടായിരുന്നു. 2014-ൽ കേരളത്തിൽ നിന്ന് അഞ്ച്, പശ്ചിമ ബംഗാളിൽ നിന്ന് രണ്ട്, ത്രിപുരയിൽ നിന്ന് രണ്ട് സീറ്റുകൾ, 3.6% വോട്ട് വിഹിതം എന്നിവയുൾപ്പെടെ ഒമ്പത് സീറ്റുകളായി സിപിഐഎം കുറഞ്ഞു. 2019ൽ ഇത് 1.75 ശതമാനമായി കുറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടി ചിഹ്നങ്ങൾ
അരിവാളും ചുറ്റികയും 1927 മുതലേ റഷ്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിപ്ലവപോരാട്ടങ്ങളുടെ മുഖമുദ്രയായിരുന്നല്ലോ. 1952 -ലെ ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഐ തങ്ങൾക്ക് അരിവാൾ ചുറ്റിക തന്നെ ചിഹ്നമായി വേണമെന്ന് പറഞ്ഞപ്പോൾ, പാർട്ടിയുടെ കൊടി തന്നെ ചിഹ്നമായി അനുവദിക്കാൻ കമ്മീഷൻ വിസമ്മതിച്ചു. അപ്പോൾ സിപിഐ ചുറ്റികയ്ക്കുപകരം നെൽക്കതിർ വെച്ച് പ്രശ്നം പരിഹരിച്ചു. പിന്നീട് 1964 ലെ പ്രസിദ്ധമായ കൽക്കട്ടാ കോൺഗ്രസ്സിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി എന്ന പേരിൽ ഒരു വിഭാഗം പിളർന്നുമാറി. ചിഹ്നത്തിന്റെ കാര്യത്തിൽ വിഷയം വരുന്നത് 1967 -ലെ തെരഞ്ഞെടുപ്പിലാണ്. അപ്പോൾ അരിവാൾ ചുറ്റികയുടെ മുകളിൽ ഒരു നക്ഷത്രം കൂടി ചേർത്ത് അപേക്ഷിച്ച സിപിഎമ്മിന് ഭാഗ്യവശാൽ ആ ചിഹ്നം അനുവദിച്ചു കിട്ടി. അന്നുതൊട്ടിന്നുവരെ ഈ രണ്ടു ചിഹ്നങ്ങളിലാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പുകളെ നേരിട്ടുവരുന്നത്.
ചിഹ്നങ്ങളുടെ രാഷ്ട്രീയം
പുതുതായി മത്സരിക്കാനിറങ്ങുന്ന സ്ഥാനാർത്ഥികൾക്കുമേൽ പലപ്പോഴും വലിയ മുൻകൈയാണ് ഇത്തരത്തിൽ വർഷങ്ങളായി കണ്ടുപരിചയിച്ച ചിഹ്നങ്ങളിലൂടെ ലബ്ധപ്രതിഷ്ഠരായ പാർട്ടികൾക്ക് കിട്ടുന്നത്. സ്വന്തം ചിഹ്നത്തെ ജനമനസ്സുകളിലേക്ക് എത്തിക്കാൻ വളരെ കുറഞ്ഞ സമയം മാത്രമേ പുതിയ പാർട്ടികൾക്കും സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും കിട്ടാറുള്ളൂ. അതുകൊണ്ടു തന്നെ അനുവദിച്ചിട്ടുള്ള ചുരുങ്ങിയ സമയം കൊണ്ട് എന്തുചെയ്തു തങ്ങളുടെ ചിഹ്നങ്ങൾ പ്രചരിപ്പിക്കാൻ സ്ഥാനാർത്ഥികൾ ശ്രമിക്കാറുണ്ട്. ഭരണത്തിലേറുന്ന കാലത്ത് സ്വന്തം ചിഹ്നത്തെ നാട്ടിലെങ്ങും പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. ഉദാഹരണത്തിന് ഉത്തർപ്രദേശിൽ പാർട്ടി ചിഹ്നമായ ആനയുടെ അനേകായിരം ഭീമൻ പ്രതിമകൾ സർക്കാർ ചെലവിൽ പടുത്തുയർത്തി മായാവതി. ഓരോ വട്ടം തെരഞ്ഞെടുപ്പുവരുമ്പോഴേക്കും വോട്ടർമാരെ സ്വാധീനിക്കാതിരിക്കാനായി അതൊക്കെ തുണിയിട്ടു മൂടേണ്ട ഗതികേടാണ് കമ്മീഷന്.
ചിഹ്നങ്ങൾ ജനങ്ങളുടെ മനസ്സുകളിൽ നിറയ്ക്കുകയെന്നത് പാർട്ടികൾക്ക് ഇഷ്ടമുള്ള കാര്യമാണ്. അതോടെ ഒറ്റപ്പെട്ട വ്യക്തികൾ വിസ്മരിക്കപ്പെടുന്നു. ഒപ്പം അവർ ചെയ്യുന്ന അഴിമതികളും മറ്റുള്ള കുറ്റകൃത്യങ്ങളും ഒക്കെ വോട്ടർമാർ മറക്കുന്നു. പാർട്ടിയിലെ മറ്റുള്ള മഹദ് വ്യക്തികളുടെ നന്മകൾ കൊണ്ട്, പലരുടേയും തിന്മകളെ മറച്ചു പിടിക്കാൻ കഴിയുന്നു. മാറിവരുന്ന നേതാക്കളെ പെട്ടെന്ന് മറന്നുപോവുന്ന ബഹുവിധമുള്ള പൊതുജനം പക്ഷേ , ചിഹ്നങ്ങളെ അത്രയെളുപ്പം മറക്കുന്നില്ല. വ്യക്തികളെ കാര്യമാക്കാതെ ജനം ഒരിക്കലും ക്ഷയിക്കാത്ത ബിംബങ്ങളെ മനസ്സിൽ കൊണ്ട് നടക്കുന്നതു തന്നെയാണ് പാർട്ടികൾക്കും സൗകര്യം.
Read Also:ശക്തമായ മഴ; കോട്ടയം ജില്ലയിലെ ഈ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍