റോഡരികിൽ വാഹനംനിർത്തി വഴി പറഞ്ഞുകൊടുത്ത യുവാവിനെ ക്രൂരമായി ആക്രമിച്ച് ഇന്നോവക്കാരൻ
കൊടുമൺ ∙ പത്തനംതിട്ട ജില്ലയിൽ റോഡരികിൽ വഴി പറഞ്ഞുകൊടുത്ത് നിൽക്കുകയായിരുന്ന ചെറുപ്പക്കാരനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊടുമൺ ഇടത്തിട്ട സ്വദേശിയായ മണ്ണിൽവടക്കേതിൽ വീട്ടിൽ മിഥുൻ എം.എസ്. (38) എന്നയാളെയാണ് കൊടുമൺ പൊലീസ് പിടികൂടിയത്.
ചന്ദനപ്പള്ളി ഭാഗത്തുനിന്ന് വന്ന കാർ യാത്രികന് കൊടുമൺ ഭാഗത്തേക്ക് പോകാനുള്ള വഴി പറഞ്ഞുകൊടുക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
ഇടത്തിട്ട എന്ന സ്ഥലത്ത് റോഡരികിൽ നിർത്തിയിരുന്ന യുവാവിനെയാണ് പ്രതി അതിക്രൂരമായി മർദ്ദിച്ചത്. ജനുവരി 9-ാം തീയതി ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.
വഴി ചോദിച്ച് നിർത്തിയ കാറിന് പിന്നിൽ ഇന്നോവ കാറിലെത്തിയ പ്രതി, “റോഡിൽ നിന്നാണോടാ കാര്യം പറയുന്നത്” എന്നാക്രോശിച്ച് ചീത്തവിളിച്ചുകൊണ്ട് വാഹനത്തിൽ നിന്നിറങ്ങുകയായിരുന്നു.
തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ യുവാവിന്റെ മുഖത്ത് കൈകൊണ്ട് അടിച്ചു. ശക്തമായ അടിയിൽ യുവാവ് സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലേക്ക് മറിഞ്ഞുവീണു.
വീണുകിടന്ന യുവാവിനെതിരെ പ്രതിയുടെ ആക്രമണം തുടർന്നു. യുവാവിന്റെ നെഞ്ചിലും വയറ്റത്തും പ്രതി ചവിട്ടുകയും, കൈയിലുണ്ടായിരുന്ന ചാവി ഉപയോഗിച്ച് കഴുത്തിലേക്ക് കുത്താൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം സമീപത്തെ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. നാല് ദിവസത്തോളം യുവാവ് ചികിത്സയിൽ കഴിയേണ്ടിവന്നു.
സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോകുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച കൊടുമൺ പൊലീസ്, തുടർച്ചയായ അന്വേഷണത്തിലൂടെ പ്രതി പാലക്കാട് ജില്ലയിൽ ഉണ്ടെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഒറ്റപ്പാലം മണ്ണിശ്ശേരി പ്രദേശത്ത് നിന്ന് പ്രതിയെയും, സംഭവസമയത്ത് ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊടുമൺ പൊലീസ് സബ് ഇൻസ്പെക്ടർ അനൂബ് പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ചോദ്യംചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പൊതുവഴിയിൽ യാതൊരു കാരണവുമില്ലാതെ സാധാരണ പൗരനെ ആക്രമിച്ച സംഭവം പ്രദേശത്ത് വലിയ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.









