കോട്ടയം: ഹോസ്റ്റലിൽ ജൂനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിക്ക് അധ്യാപകർ ചികിത്സ വൈകിച്ചതായി പരാതി. കുന്നംകുളം മോഡൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ഹോസ്റ്റലിലെ താമസക്കാരനായ പ്ലസ് ടു വിദ്യാർഥിയുടെ കുടുംബമാണ് പരാതിയുമായി ചൈൽഡ് ലൈനെ സമീപിച്ചത്. ആക്രമണത്തിൽ ചെവിയുടെ ഒരു ഭാഗം അടർന്നു പോയ വിദ്യാർത്ഥി പ്ലാസ്റ്റിക് സർജറിക്ക് ശേഷം വിശ്രമത്തിലാണ്.
ഈ മാസം പതിനെട്ടിന് രാത്രിയായിരുന്നു ആക്രമണം നടന്നത്. കുന്നംകുളം മോഡൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ഹോസ്റ്റലിൽ ജൂനിയർ വിദ്യാർത്ഥികൾ പ്ലസ് ടു വിദ്യാർത്ഥിയായ പതിനേഴുകാരനെ മർദിക്കുകയായിരുന്നു. പത്താം ക്ലാസുകാരായ ജൂനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പതിനേഴുകാരൻറെ ഇടതു ചെവിയുടെ ഒരു ഭാഗം മുറിഞ്ഞു പോയി.
എന്നാൽ കുട്ടിക്ക് പരിക്കേറ്റ കാര്യം സ്കൂൾ ഹോസ്റ്റലിൻറെ ചുമതലയുണ്ടായിരുന്ന വാർഡൻ ഉൾപ്പെടെയുളളവർ മറച്ചു വച്ചെന്നാണ് കുടുംബത്തിൻറെ ആരോപണം. സ്കൂൾ അധികൃതരുടെ വീഴ്ച കാരണം കുട്ടിക്ക് വേണ്ട ചികിത്സ നല്കാൻ മൂന്നു ദിവസം വൈകിയെന്നും കുടുംബം പറയുന്നു.
ആക്രമണം നടത്തിയതിൽ സന്തോഷം രേഖപ്പെടുത്തിയ ജൂനിയർ വിദ്യാർത്ഥികളിൽ ഒരാൾ പങ്കുവച്ച ശബ്ദ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തിൻറെ ദൃശ്യങ്ങളുണ്ടെങ്കിൽ അത് റീലായി പ്രചരിപ്പിക്കാമെന്നായിരുന്നു എന്നാണ് സന്ദേശത്തിൻറെ ഉളളടക്കം.
കുടുംബത്തിൻറെ പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ അധികൃതർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ കുട്ടികൾ തമ്മിലുണ്ടായ സംഘർഷത്തെ പറ്റി അറിഞ്ഞിരുന്നില്ലെന്നും പരിക്കേറ്റ നിലയിൽ ഹോസ്റ്റലിൽ കണ്ട വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകിയിരുന്നെന്നുമാണ് ചുമതലയിലുണ്ടായിരുന്ന ഹോസ്റ്റൽ വാർഡന്റെ പ്രതികരണം.