ഒന്നരലക്ഷം ഡ്രൈവിങ് ലൈസൻസുകളുടെ വിവരങ്ങൾ മോട്ടോർവാഹനവകുപ്പിന്റെ വെബ്‌സൈറ്റിൽ കാണാനില്ല. 2020-ൽ പുതുക്കിയതും വിതരണംചെയ്തതുമായ ഡ്രൈവിങ് ലൈസൻസുകളുടെ വിവരങ്ങളാണ് കാണാതായത്.
ഇതോടെ ലൈസൻസ് പുതുക്കാനും പകർപ്പെടുക്കാനും കഴിയാത്ത സ്ഥിതിയായി. ‘സ്മാർട്ട് മൂവ്’ എന്ന സോഫ്റ്റ്‌വേറിൽനിന്നും കേന്ദ്രസർക്കാരിന്റെ ‘സാരഥി’യിലേക്ക് മാറിയപ്പോൾ സംഭവിച്ച പിഴവാണ് പ്രശ്നത്തിന് കാരണം.
മോട്ടോർവാഹനവകുപ്പ് ഡിജിറ്റലിലേക്ക് മാറിയതിനാൽ പല സംസ്ഥാനങ്ങളിലും അസൽ സ്വീകരിക്കുന്നില്ല. എന്നാൽ, 2020-ലെ ലൈസൻസുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യവുമല്ല. ‘സാരഥി’ വെബ്‌സൈറ്റിൽ ലൈസൻസ് വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ അസൽ ഹാജരാക്കിയാലും പിഴചുമത്തുന്നുമുണ്ട്.
2020-ൽ പുതുക്കിയ ലൈസൻസുകൾക്ക് അഞ്ചുവർഷത്തേക്കാണ് കാലാവധി. ഇത് പുതുക്കാനെത്തിയപ്പോഴാണ് ലൈസൻസ് വിവരങ്ങൾ ‘സാരഥി’ സെർവറിലില്ലെന്ന് അറിയുന്നത്. പിഴവ് മോട്ടോർവാഹന വകുപ്പിന്റേതാണെങ്കിലും പരിഹരിക്കേണ്ടത് അപേക്ഷകന്റെ ചുമതലയാണ്. ഇതിനായി പ്രത്യേകം അപേക്ഷനൽകണം.
ഓഫീസ് നടപടികൾക്ക് ഒരുമാസത്തിലേറേ സമയം വേണ്ടിവരും. സ്മാർട്ട് മൂവിലെ ലൈസൻസ് ഡേറ്റ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കിയശേഷം മാത്രമേ ‘സാരഥി’യിലേക്ക് മാറ്റുകയുള്ളൂ. പഴയ സോഫ്റ്റ്‌വേറിൽനിന്നുള്ള വിവരശേഖരണം പൂർത്തിയാകുമ്പോൾ അപേക്ഷകൻ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. മൂന്ന് തട്ടിലെ പരിശോധന കഴിഞ്ഞാലേ ലൈസൻസ് ‘സാരഥി’യിൽ എത്തുകയുള്ളൂ.