തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻ കാണി, ഷീജ ദമ്പതികളുടെ മകൾ ഇന്ദുജ (25) മരിച്ച കേസിലാണ് പോലീസിന്റെ നടപടി.(Induja death case; Husband and his friend arrested)
ഇന്ദുജയുടെ മരണത്തെ തുടർന്ന് ഇരുവരെയും നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ അഭിജിത്ത് ഒന്നാം പ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്. ഇരുവരും ചേർന്ന് ഇന്ദുജയെ ശാരീരകമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തി. ഇന്ദുജയെ ഒഴിവാക്കാൻ അഭിജിത്ത് ശ്രമിച്ചിരുന്നു. ഇതിനു സുഹൃത്തായ അജാസിന്റെ സഹായവും തേടിയെന്നാണ് പൊലീസ് കണ്ടെത്തൽ.
അജാസും അഭിജിത്തും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്. ഇന്ദുജ മരിക്കുന്നതിന് മുൻപ് അവസാനമായി വിളിച്ചത് അജാസിനെയാണ്. അജാസ് ഇന്ദുജയെ മർദിച്ചെന്ന് അഭിജിത്ത് പൊലീസിനു മൊഴി നൽകിയിരുന്നു. ഇന്ദുജ മരിക്കുന്നതിന് രണ്ടു ദിവസം മുന്‍പാണ് അജാസ് കാറിൽ വെച്ച് മർദിച്ചത്.
അഭിജിത്തിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണാക്കുറ്റത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്. അജാസിനെതിരെ ഈ രണ്ടു കുറ്റങ്ങൾക്കു പുറമെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയശേഷമാകും കൂടുതൽ തെളിവെടുപ്പ് നടത്തുക.