വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ ആദ്യ മത്സരം മുതൽ കളിക്കാൻ സന്നദ്ധനാണെന്നു കേരള ക്രിക്കറ്റ് അസോസിയേഷനെ(കെസിഎ) അറിയിച്ചിരുന്നതായി ഇന്ത്യൻ താരം സഞ്ജു സാംസൺ. ഇത് വ്യക്തമാക്കി ഡിസംബർ 19ന് കേരള ക്രിക്കറ്റ് അസോസിയേഷന് ഇമെയിൽ അയച്ചിരുന്നതായി സഞ്ജു പറഞ്ഞു. കെസിഎയിൽ നിന്ന് അനുകൂല മറുപടിക്കായി കാത്തിരിക്കുകയാണ് അദ്ദേഹം.
എന്നാൽ വിജയ് ഹസാരെ ട്രോഫി തുടങ്ങുന്നതിന് മുമ്പ് ക്യാംപ് നടത്തിയിരുന്നതായും ഈ ക്യംപിൽ പങ്കെടുക്കാതിരുന്നത് കൊണ്ടാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്നുമാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രതികരണം. സഞ്ജുവിന് കളിക്കാൻ താത്പര്യം ഉണ്ടെങ്കിൽ കളിക്കുന്നതിൽ തടസമില്ലെന്നും കെസിഎ സെക്രട്ടറി പറഞ്ഞിരുന്നു.
എന്നാൽ വിജയ് ഹസാരെയിൽ കേരളത്തിന്റെ ആദ്യ മത്സരം മുതൽ കളിക്കാൻ സന്നദ്ധനാണ് എന്ന് അറിയിച്ച് കെസിഎയ്ക്ക് ഇമെയിൽ അയച്ചിരുന്നതായാണ് സഞ്ജു സാംസൺ വ്യക്തമാക്കുന്നത്. 23ന് ബറോഡയ്ക്ക് എതിരെ ആയിരുന്നു വിജയ് ഹസാരെയിലെ കേരളത്തിന്റെ ആദ്യ മത്സരം. ആദ്യ മത്സരം മുതൽ കേരളത്തിനായി കളിക്കാൻ സന്നദ്ധത അറിയിച്ചിട്ടും സഞ്ജുവിന്റെ ഇമെയിലിന് കെസിഎ മറുപടി നൽകിയില്ലെന്നാണ് ആക്ഷേപം.
വിജയ് ഹസാരെയ്ക്ക് മുമ്പ് നടന്ന കേരള ടീമിന്റെ ക്യാപിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സഞ്ജു അറിയിച്ചിരുന്നതായി കെസിഎ സെക്രട്ടറി വിനോദ് പറഞ്ഞിരുന്നു. ക്യാംപിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം എന്തെന്ന് സഞ്ജു അറിയിച്ചില്ല എന്നും അദ്ധേഹം പറഞ്ഞു. സഞ്ജു കേരളത്തിനായി കളിക്കാൻ ആദ്യ മത്സരം മുതൽ സന്നദ്ധത അറിയിച്ചിട്ടും കെസിഎ എന്തുകൊണ്ട് ഇന്ത്യൻ താരത്തിന് അനുകൂല മറുപടി നൽകിയില്ല എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
വിജയ് ഹസാരെ ട്രോഫിയിൽ ഇനി മൂന്ന് മത്സരങ്ങൾ കൂടിയാണ് കേരളത്തിന് ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കാനുള്ളത്. ബിഹാർ, ത്രിപുര, ബംഗാൾ എന്നീ ടീമുകൾക്ക് എതിരെയാണ് ഇനിയുള്ള വിജയ് ഹസാരെയിലെ കേരളത്തിന്റെ മത്സരങ്ങൾ. ഗ്രൂപ്പ് ഇയിലാണ് കേരളം. മൂന്ന് കളിയിൽ നിന്ന് രണ്ട് തോൽവിയോടെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ബറോഡയ്ക്കും ഡൽഹിക്കും എതിരെ കേരളം തോറ്റപ്പോൾ മധ്യപ്രദേശിന് എതിരായ മത്സരം മഴയെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
50 ഓവർ ഫോർമാറ്റിലാണ് വിജയ് ഹസാരെ ട്രോഫി നടക്കുന്നത്. ഇതിൽ കളിച്ച് മികച്ച പ്രകടനം പുറത്തെടുത്താൽ സഞ്ജുവിന് ഇനി വരുന്ന ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിലും ഇടം നേടാനുള്ള സാധ്യത കൂടുതലാണ്. നിലവിൽ മൂന്ന് രാജ്യാന്തര സെഞ്ചുറിയോടെ ഇന്ത്യയുടെ ട്വന്റി20 ടീമിൽ സ്ഥാനം ഉറപ്പിച്ചെങ്കിലും ഏകദിനത്തിൽ സ്ഥാനം ഉറപ്പിച്ചിട്ടില്ല. അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ചുറി നേടിയിട്ടും ഇന്ത്യൻ ഏകദിന ടീമിലേക്ക് സഞ്ജുവിന് വീണ്ടും വിളി എത്തിയിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആയിരുന്നു സഞ്ജു ഏകദിന സെഞ്ചുറി നേടിയത്.