ഒളിംപിക്സിൽ ഇന്ത്യൻ കുതിപ്പ് തുടങ്ങി. ആർച്ചറിയിലെ റാങ്കിങ് വിഭാഗത്തിൽ കളത്തിലിറങ്ങിയ വനിതാ ടീം നേരിട്ട് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടി. ടീമിനത്തിൽ ഇന്ത്യ ആകെ നേടിയത് 1983 പോയിന്റ്. 28ന് നടക്കുന്ന ക്വാർട്ടറിൽ, നെതർലൻഡ്സ് – ഫ്രാൻസ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികൾ. യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനക്കാരായാണ് ഇന്ത്യൻ വനിതകളുടെ മുന്നേറ്റം. (Indian women’s team placed 4th in the Olympic archery ranking round)
ഇന്ത്യൻ താരങ്ങളിൽ അങ്കിത ഭക്ത് 666 പോയിന്റുമായി 11–ാം സ്ഥാനത്തെത്തി. ഭജൻ കൗർ 659 പോയിന്റുമായി 22–ാമതാണ്.നാലാം ഒളിംപിക്സിൽ മത്സരിക്കുന്ന ദീപിക കുമാരി ഉൾപ്പെടെ ഫോം കണ്ടെത്താൻ പാടുപെട്ടപ്പോഴാണ് ബംഗാളിൽ നിന്നുള്ള അങ്കിതയുടെ മുന്നേറ്റം. ഒളിംപിക് റെക്കോർഡ് തിരുത്തി 2046 പോയിന്റ് നേടിയ ദക്ഷിണ കൊറിയയാണ് ഒന്നാമത്. ചൈന (1996), മെക്സിക്കോ (1986) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.