1999 ൽ നാസയുടെ ട്രേസ് പേടകമാണ് സൂര്യനില്‍ തിളക്കമേറിയ പ്ലാസ്മ തുണ്ടുകള്‍ പോലുള്ള പാടുകൾ ഉള്ളതായി കണ്ടെത്തിയത്. ഗവേഷകര്‍ ആ പാടുകളെ ‘പായല്‍’ എന്ന് വിശേഷിപ്പിച്ചു. ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ ചെറിയ ഭാഗങ്ങള്‍ പായല്‍പ്പോലെ പച്ചകലര്‍ന്ന് കാണപ്പെട്ടതാണ് ആ പേരിന് കാരണം. ‘സൂര്യകളങ്കങ്ങള്‍’ ക്ക് സമീപത്തായി കാണപ്പെട്ട ഈ പായൽ വസ്തുക്കൾ എന്താണെന്നതിനെ സംബന്ധിച്ച് അന്നുമുതൽ പഠനം നടക്കുകയാണ്,
ഇതിന്റെ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ ഗവേഷകനായ ഡോ. സൗവിക്ക് ബോസും സംഘവും. നാസയുടെ ‘ഹൈ റസല്യൂഷന്‍ കൊറോണല്‍ ഇമേജര്‍’,സൗണ്ടിങ് റോക്കറ്റ്, നാസയുടെ തന്നെ സൗരപഠനത്തിനുള്ള ‘ഇന്റര്‍ഫേസ് റീജിയന്‍ ഇമേജിങ് സ്‌പെക്ട്രോഗ്രാഫ്’ എന്നിവ ഉപയോഗിച്ച് നടത്തിയ പഠനഫലം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
സൂര്യന്റെ പ്രതലത്തിലെ കാന്തികബലരേഖകള്‍ക്കിടയിലുള്ള വിദ്യുത് പ്രവാഹമാണ് ആ പായല്‍ പാടുകള്‍ക്ക് പിന്നിലെന്നാണ്ക സൗവിക്കും സംഘവും കണ്ടെത്തിയത്. സൂര്യനിലെ പായല്‍ പാടുകളെ അതിതാപനിലയിലേയ്ക്ക് എത്തിക്കുന്ന സംവിധാനത്തെ ക്കുറിച്ച് നടത്തിയ പഠനങ്ങളിൽ, പുതിയ ഡേറ്റയ്‌ക്കൊപ്പം, ത്രീഡി കമ്പ്യൂട്ടര്‍ മാതൃകാപഠനങ്ങളും സൗവിക്കിന്റെ സംഘം നടത്തിയിരുന്നു. സൂര്യന്റെ ആന്തരഭാഗത്തുനിന്ന് പുറത്തേക്കുള്ള ചൂടേറിയ വാതകപ്രവാഹം, ചില വേളകളില്‍ ശക്തമായ കാന്തികമണ്ഡലം തടസ്സപ്പെടുത്തും. ചൂട് അവിടെ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടാകും. അതിനാല്‍, ആ പ്രദേശത്ത് സൂര്യപ്രതലത്തില്‍ ഊഷ്മാവ് ലേശം കുറഞ്ഞുകാണപ്പെടും. ഗ്രഹങ്ങളുടെ വലുപ്പമുള്ള കറുത്ത പുള്ളികള്‍ സൗരപ്രതലത്തിലുണ്ടാകുന്നത് ഇങ്ങനെയാണ്. അവയാണ് ഈ ‘പായൽ’. സൂര്യനിലെ പ്ലാസ്മയും അയോണുകളും കാന്തികബലരേഖള്‍ക്കൊപ്പമാണ് പ്രവഹിക്കുന്നത്. സൂര്യനിലെ പായല്‍ പാടുകളിലെ താപസംവിധാനം സംബന്ധിച്ചുള്ള ഈ പുതിയ ഗവേഷണഫലം, സൗരഘടനയിലെ താപകൈമാറ്റം സംബന്ധിച്ച പഠനങ്ങൾക്ക് പ്രയോജനപ്പെടുത്താനാവും. സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണ യുടെ താപനില സൗരപ്രതലത്തിലേതിനെ അപേക്ഷിച്ച് നൂറുകണക്കിന് മടങ്ങ് കൂടുതകുന്നത് എങ്ങിനെയെന്ന് വിശദീകരിക്കാനും പുതിയ പഠനം കരണമാകുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.