ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം സീസണിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. വർണാഭമായ ആഘോഷ പരിപാടികളോടെയാണ് ഐപിഎല്ലിന് തിരി തെളിയുക. ഓസ്കാർ ജേതാവ് എ.ഏർ.റഹ്മാനും സോനുനിഗവും അണിനിരക്കുന്ന സംഗീത നിശ അരങ്ങേറും. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ ടൈഗർ ഷറോഫ് എന്നിവരുടെ സാന്നിധ്യം ചടങ്ങിന് കൊഴുപ്പേകും.
വൈകീട്ട് 7:30നാണ് ബാംഗ്ലൂർ ചെന്നെ ആവേശപ്പോര് ആരംഭിക്കും. ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ടീമിൽ വിരാട് കോഹ്‍ലിയും ഓസീസ് ഓൾറൌണ്ടർ ഗ്ലെൻ മാക്സ്‍വെല്ലുമാണ് ബാംഗ്ലൂരിന്റെ കരുത്തന്മാർ. ബോളർമാരുടെ ശവപ്പറമ്പെന്നറിയപ്പെടുന്ന ചെപ്പോക്കിൽ മുഹമ്മദ് സിറാജും സംഘവും നയിക്കുന്ന പേസ് നിരയുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുക. സിറാജിന് കൂട്ടായി വെസ്റ്റിൻഡീസ് പേസർ അൽസാരി ജോസഫ് ടീമിൽ ഇടംപിടിച്ചേക്കും.
സ്വന്തം മൈതാനത്ത് ആദ്യ മത്സരത്തിനിറങ്ങുന്നത് ചെന്നൈക്ക് കുടുതൽ ആത്മവിശ്വാസം നൽകും. യുവതാരം ഋതുരാജ് ഗെയിക്വാദിന്റെ കീഴിൽ ആദ്യ മത്സരത്തിനാണ് ചെന്നൈ ഇറങ്ങുന്നത്. ഡെവോൺ കോൺവേ, രചിൻ രവീന്ദ്ര, അജിൻക്യ രഹാനെ, ഡാരിൽ മിച്ചൽ, ശിവം ദൂബേ, രവീന്ദ്ര ജഡേജ തുടങ്ങി മികച്ചൊരു താര നിര തന്നെ ചെന്നൈയുടെ ആവനാഴിയിലുണ്ട്. എക്കാലത്തേയും പോലെ എം.എസ്.ധോണി ചെന്നൈയുടെ വിശ്വസ്ഥ റോളിൽ തുടരും. ടൂർണമെന്റിലെ ഏറ്റവും ആരാധക പിന്തുണയുള്ള ടീമുകൾ ആദ്യ മത്സരത്തിൽ നേർക്കുനേർ വരുന്നതോട വൻ ആരവത്തോടെയാകും ഐപിഎല്ലിന് തുടക്കമാകുക.
Read Also: ‘തല’യൊഴിഞ്ഞു; ചെന്നൈ സൂപ്പർ കിങ്സിന് ഇനി പുതിയ നായകൻ