ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ യുവ താരം യശസ്വി ജയ്‌സ്‌വാള്‍. ഏറ്റവും പുതിയ റാങ്കിങ്ങില്‍ മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 12-ാം സ്ഥാനത്താണ് ജയ്‌സ്‌വാള്‍. 13-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ മറികടന്നാണ് താരത്തിന്റെ നേട്ടം.
റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റ് പരമ്പരയിലെ നിര്‍ണായക പ്രകടനമാണ് യശസ്വി ജയ്‌സ് വാളിന് റാങ്കിങ്ങില്‍ ഗുണകരമായത്. നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 73 റണ്‍സെടുത്ത ജയ്‌സ്‌വാള്‍ രണ്ടാം ഇന്നിങ്‌സില്‍ 37 റണ്‍സും അടിച്ചെടുത്തു. ധര്‍മ്മശാലയില്‍ ആരംഭിക്കാനിരിക്കുന്ന അഞ്ചാമതും അവസാനത്തേതുമായ ടെസ്റ്റിലും തന്റെ മികവ് തുടര്‍ന്നാല്‍ ജയ്‌സ്‌വാളിന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ അദ്യ പത്തിലേക്ക് ഉയരാനാകും.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇറങ്ങാതിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി രണ്ട് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി ഒന്‍പതാമതെത്തി. ഇന്ത്യന്‍ താരങ്ങളില്‍ കോഹ്‌ലി മാത്രമാണ് യശസ്വിക്ക് മുന്‍പിലുള്ളത്. അതേസമയം നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അര്‍ദ്ധ സെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ശുഭ്മാന്‍ ഗില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 31-ാമതെത്തി. നാലാം ടെസ്റ്റില്‍ ഗില്ലിനൊപ്പം പുറത്താകാതെ നിന്ന ധ്രുവ് ജുറേല്‍ 31 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 69-ാം റാങ്കിലെത്തി.
Read Also: ബുംറ കളത്തിലേക്ക്, രാഹുൽ പരിക്കിന്റെ പിടിയിൽ; അഞ്ചാം ടെസ്റ്റിനൊരുങ്ങി ഇന്ത്യ