കൊച്ചി: കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്ന ഉഗ്രപ്രതാപികളായ വിഷവൈദ്യന്മാരുടെ വീര കഥകൾ പണ്ട് എല്ലാ നാടുകളിലും കേട്ടിട്ടുണ്ടാവും. വിഷം തീണ്ടിയ ആൾക്കായി വരുന്നവരുടെ ദൂത ലക്ഷണം മുതൽ മരിച്ച ആൾ എഴുന്നേറ്റ് നടന്നതു വരെ- “വെറും സാക്ഷ്യം” മുതൽ “അനുഭവസാക്ഷ്യം” വരെ നീളുന്ന പൊടിപ്പും തൊങ്ങലും വെച്ച കഥകൾകേട്ട് പലർക്കും രോമം എഴുനേറ്റു നിന്നിട്ടുണ്ടാവും!
ഇത്തരം തള്ള് കഥകളൊന്നും സാധാരണയായി ഇക്കാലത്ത് ആരും വിശ്വാസിക്കാറില്ലെങ്കിലും ഈ നൂറ്റാണ്ടിലും ചിലരൊക്കെ ആ കഥകളിൽ കാമ്പുണ്ടെന്ന് കരുതുന്നുമുണ്ട്.
പാമ്പുകൾ പൊതുവേ മനുഷ്യർക്ക് പേടിയുള്ള ഏക ഉരഗ ജീവിയാണ് – വിഷമുണ്ടായാലും ഇല്ലെങ്കിലും – ഈ ഭയം മനുഷ്യപരിണാമ ചരിത്രത്തോളം പഴക്കമുള്ളതാണ് – ആന്റി സ്നേക് വെനം കണ്ടെത്തുന്നതു വരെയും പഴയകാലത്ത് ലോകത്തെങ്ങും വിഷപ്പാമ്പുകളുടെ കാര്യമായ കടി കിട്ടിയവരിൽ ഭൂരിഭാഗവും മരിച്ചിട്ടുണ്ട്
മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്കും പ്രായപൂർത്തിയായ ഒരാളെ കൊല്ലാനുള്ള വിഷമുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഒരു പഠനത്തിൽ മുതിർന്ന അണലിയിൽ കാണപ്പെടുന്ന വിഷത്തേക്കാൾ അണലിക്കുഞ്ഞുങ്ങളുടെ വിഷത്തിന് തീവ്രത കൂടുതലാണെന്ന് പറയുന്നുണ്ട്. ജനിച്ച ദിവസം മുതൽ സ്വന്തമായാണ് അണലിക്കുഞ്ഞ് ഇര പിടിക്കുന്നത്.
അമ്മപാമ്പ് ഇരപിടിച്ച് നൽകുകയോ കൂടെക്കൊണ്ട് നടക്കുകയോ ചെയ്യാറില്ല എൻ്നതാണ് യാഥാർഥ്യം. വിഷത്തിന്റെ അളവ് കുറവാണെങ്കിലും വീര്യം കൂടുതലാണ്. മൂർഖൻ കുഞ്ഞുങ്ങളുടെ വിഷത്തിനും തീവ്രത വളരെ കൂടുതലാണ്. പാമ്പുകടിയേറ്റ് ചെറിയ ജീവികൾ തൽക്ഷണം ചത്തൊടുങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞൻ പാമ്പുകളെ കാണുമ്പോൾ ചിലപ്പോൾ ഏത് സ്പീഷിസാണെന്ന് വരെ സംശയം വരാറുണ്ട്. വിഷമില്ലാത്ത നല്ല പാമ്പുകളാണെന്ന് കാഴ്ചയിൽ തോന്നുമെങ്കിലും ഏറെ അപകടമായിരിക്കും. മുതിർന്ന പാമ്പുകളുടെ സ്പീഷിസുകൾ തന്നെ പലപ്പോഴും മാറിപ്പോകാറുണ്ട്.
വിഷമുള്ളതാണോ അല്ലാത്തതാണോ എന്ന് സ്വയം തീരുമാനിക്കാതെ മാറിനിൽക്കുക. വിദഗ്ധ സഹായം തേടുക. പാമ്പുകടിയേറ്റാൽ ഉടൻ തന്നെ ആശുപത്രിയിൽ പോവുക.– വിദഗ്ദർ പറയുന്നത് ഇങ്ങനെയാണ്.
ഈ മാസത്തിൽ മൂർഖന്റെയും അണലിയുടെയും കുഞ്ഞുങ്ങൾ കൂടുതലായി കാണപ്പെടുന്നുണ്ട്. ഒരു കുഞ്ഞിനെ കാണുന്ന സ്ഥലത്ത് നിരവധി കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശ്രദ്ധിക്കണം.
ഒതുങ്ങിയ സ്ഥലത്താണ് പാമ്പുകൾ മുട്ടവിരിയുന്നതും പ്രസവിക്കുന്നതുമെല്ലാം. എന്നാൽ അതിനുശേഷം പാമ്പിൻകുഞ്ഞുങ്ങൾ സുരക്ഷിതമായ മറ്റ് സ്ഥലങ്ങൾ തേടി പോകുകയാണ് പതിവ്.
പകലും രാത്രിയിലും ഇവ സഞ്ചരിക്കാറുണ്ട്. സാധാരണ പാമ്പുകൾ ശത്രുക്കളുടെ ഇടയിൽ പെടാറില്ല. എന്നാൽ കുഞ്ഞുങ്ങൾ എല്ലായിടത്തും എത്തും. പക്ഷികളോ പൂച്ചകളെ വീടിനുമുന്നിൽ കൊണ്ടുവന്ന് ഇട്ടേക്കാം.
ചിലപ്പോൾ ഇവ ഷൂസിൽ കയറിയിരിക്കും. ഹെൽമറ്റ്, ചെരുപ്പ്, ചെടിചട്ടി എന്നിവയ്ക്കുള്ളിലെല്ലാം ഇത്തരത്തിൽ പാമ്പുകൾ കാണാം. ഇവയെല്ലാം എടുക്കുന്നതിനു മുൻപ് പരിശോധിക്കുന്നത് നല്ലതാണ്. വീടിനകത്ത് പാമ്പ് കയറാൻ സാധ്യതയുള്ള ചെറിയ ദ്വാരങ്ങൾ ഉണ്ടെങ്കിൽ എല്ലാം അടയ്ക്കുക.
പാമ്പിനെ കണ്ടാൽ ആദ്യം അതിന്റെസഞ്ചാരവും ഒളിച്ചിരിക്കുന്ന സ്ഥലവും നിരീക്ഷിക്കണം. പരിഭ്രാന്തി കാട്ടരുത്. ശല്യക്കാരായ പാമ്പുകളെ പിടികൂടാൻ സർപ്പ സ്നേക് റെസ്ക്യൂ ടീം ജില്ലയിലുണ്ട്. മനുഷ്യനോ വളർത്തുമൃഗങ്ങൾക്കോ അപകടം സൃഷ്ടിക്കുമെന്നു കണ്ടാൽ വനംവകുപ്പിന്റെ ‘സർപ്പ’ ടീമിനെ വിവരമറിയിക്കാം.
പരിശീലനം ലഭിച്ച പാമ്പുപിടിത്തക്കാരെ എത്തിച്ച് പിടികൂടും. വനംവകുപ്പിന്റെ സർപ്പ (സ്നേക് അവെയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ) ആപ്പിലും വിവരങ്ങൾ കൈമാറാം.