പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഇന്ത്യ. ഓസിസിനെതിരെ 295 റൺസിനാണ് ഇന്ത്യയുടെ വമ്പൻ ജയം. ബുംറയുടെയും സിറാജിന്റെയും തീയുണ്ടകൾക്കു മുമ്പിൽ ഓസിസ് ചീട്ടുകൊട്ടാരം പോലെ തകർന്നു.
ഇരുവരും മൂന്ന് വിക്കറ്റ് വീതമാണ് വീഴ്ത്തി. നീതീഷ് റെഡ്ഡിയും ഹർഷിത് റാണയും ഒരു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ വാഷിങ്ടൺ സുന്ദർ രണ്ടും നീതീഷ് റെഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി പിന്തുണ നൽകി. ഓസിസ് നിരയിൽ ട്രാവിസ് ഹെഡ് ആണ് അല്പമെങ്കിലും പിടിട്ടു നിന്നത്. സെഞ്ച്വറിയിലേക്ക് കുതിച്ച ട്രാവിസ് ഹെഡിനെ ഇന്ത്യൻ നായകൻ ബുംറയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 12 റൺസുമായി നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിന് ഓപ്പണർ ഉസ്മാൻ ഖവാജ (13 പന്തിൽ നാല്)യെ സിറാജ് അതിവേഗം മടക്കി. നാലിന് 17 റൺസ് എന്ന നിലയിൽ തകർന്ന ഓസീസിന്, അഞ്ചാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് പിടിച്ചുനിൽപ്പായത്. സ്റ്റീവ് സ്മിത്ത് (60 പന്തിൽ 17) റൺസിന് പുറത്തായി. തകർച്ചയുടെ ഘട്ടത്തിൽ ഇരുവരും ചേർന്ന് 62 റൺസാണ് സ്‌കോർബോർഡിൽ എത്തിച്ചത്.
ഉറച്ചുനിന്നു പൊരുതിയ ട്രാവിസ് ഹെഡിനെ ബുംറ എറിഞ്ഞു വീഴ്ത്തി. 101 പന്തുകൾ നേരിട്ട് 89 റൺസുമായാണ് ട്രാവിസ് ഹെഡ് മടങ്ങിയത്. ഹെഡിന്റെ മടക്കത്തിനു ശേഷം മിച്ചൽ മാർഷ് അൽപമൊന്ന് പ്രതിരോധിച്ചു നോക്കിയെങ്കിലും നിതീഷ് കുമാർ റെഡ്ഡിയെറിഞ്ഞ 44ാം ഓവറിൽ താരം ക്ലീൻ ബോൾഡായി. 67 പന്തിൽ 47 മാർഷിന്റെ സമ്പാദ്യം
ഓപ്പണർ നഥാൻ മക്‌സ്വീനി ഡക്കായി, നൈറ്റ് വാച്ച്മാനായി എത്തിയ ക്യാപ്റ്റൻ പാറ്റ് കമിൻസ് (രണ്ട്), മാർനസ് ലബുഷെയ്ൻ (മൂന്ന്) എന്നിവരാണ് ഓസീസ് ഇന്നിങ്‌സിൽ മൂന്നാം ദിവസം പുറത്തായ മറ്റുള്ളവർ.
യശസ്വി ജയ്സ്വാളിനെ കൂടാതെ സൂപ്പർ താരം വിരാട് കോഹ് ലിയും സെഞ്ച്വറി അടിച്ചതോടെ മൂന്നാം ദിനം ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 487 റൺസിന് ഡിക്ലയർ ചെയ്തിരുന്നു.
ടെസ്റ്റിൽ കഴിഞ്ഞ കുറെ നാളുകളായി വേണ്ടത്ര ഫോമിലേക്ക് ഉയരാൻ കഴിയാത്തതിൽ വിമർശനം നേരിടുന്നതിനിടെയാണ് കോഹ് ലി മിന്നുന്ന സെഞ്ച്വറി നേടിയത്. 143 പന്തിൽ നിന്ന് എട്ടു ബൗണ്ടറിയുടെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെയാണ് കോഹ് ലിയുടെ സൂപ്പർ പ്രകടനം. കോഹ് ലിയുടെ 30-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഒന്നാം ഇന്നിംഗ്സിലെ 46 റൺസിന്റെ ലീഡോടെ 534 റൺസാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്ക് മുന്നിൽ വച്ചിരുന്ന വിജയലക്ഷ്യം.