ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 61 റൺസിന്റെ തകർപ്പൻ ജയം.
ബാറ്റിങ്ങിൽ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ നിറഞ്ഞാടിയപ്പോൾ, ബൗളിങ്ങിൽ ഇന്ത്യൻ സ്പിന്നർമാർ വീറുറ്റ പ്രകടനം പുറത്തെടുത്തു.
203 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസിന്റെ ഇന്നിങ്സ് 141 റൺസിൽ അവസാനിച്ചു. 25 റൺസെടുത്ത് പുറത്തായ ഹെയ്ന്റിച് ക്ലാസനാണ് അവരുടെ ടോപ് സ്കോറർ.
സ്കോർ: ഇന്ത്യ – 20 ഓവറിൽ എട്ടിന് 202, ദക്ഷിണാഫ്രിക്ക – 17.5 ഓവറിൽ 141ന് പുറത്ത്. ജയത്തോടെ നാല് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം മത്സരം ഞായറാഴ്ച പോർട്ട് എലിസബത്തിൽ നടക്കും.
മൂന്നുവിതം വിക്കറ്റ് വീഴ്‌ത്തിയ രവി ബിഷ്ണോയ് വരുൺ ചക്രവർത്തി സഖ്യമാണ് പ്രോട്ടീസിനെ കടപുഴക്കിയത്.ആവേഷ് ഖാൻ രണ്ടും അർഷദീപും ഒരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
പവർപ്ലേയിൽ 49 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ പ്രോട്ടീസിന് പിന്നീട് മത്സരത്തിലേക്ക് തിരികെ വരാനായില്ല. ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യൻ സ്പിന്നർമാർ ദക്ഷിണാഫ്രിക്കയ്‌ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു.
25 റൺസെടുത്ത ഹെന്റിച്ച് ക്ലാസനാണ് അവരുടെ ടോപ് സ്കോറർ. റയാൻ റിക്കെൽട്ടൺ (21), ട്രിസ്റ്റൺ സ്റ്റബ്സ്(11) ഡേവിഡ് മില്ലർ(18), പാട്രിക് ക്രുഗെർ(1),മാർക്കോ യാൻസൻ(12), ആൻഡിലെ സിമെലെൻ(6),ജെറാൾഡ് കോർട്സീ(23), കേശവ് മഹാരാജ്(5) എന്നിവരാണ് പുറത്തായ ബാറ്റർമാർ.
സഞ്ജു സാംസൺ സംഹാര രൂപം പൂണ്ട മത്സരത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റിൽ 202 റൺസാണ് നേടിയത്. ടി20യിൽ പ്രോട്ടീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ടോട്ടലുമാണിത്.
ആദ്യ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിൽ ഏഴ് റൺസെടുത്ത അഭിഷേക് ശർമയെ നഷ്ടമായെങ്കിലും കരുതലോടെ നീങ്ങിയ സൂര്യകുമാറും സാംസണും ഇന്ത്യൻ സ്കോർ ചലിപ്പിച്ചു.
എട്ടാം ഓവറിൽ 21 റൺസെടുത്ത സൂര്യകുമാർ വീണെങ്കിലും പിന്നീട് സഞ്ജു സാംസൺ ആക്രമണം അഴിച്ചുവിടുന്നതാണ് കണ്ടെത്തത്. തിലക് വർമയും (33) ഒപ്പം ചേർന്നു. സാംസൺ-സൂര്യകുമാർ സഖ്യം 37 പന്തിൽ 66 റൺസ് ചേർത്തപ്പോൾ സാംസൺ തിലക് വർമ ജോഡി 34 പന്തിൽ 77 റൺസ് നേടി.
ഇതിനിടെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ടി20യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി മലയാളി താരം തികച്ചു. 27 പന്തിൽ അർദ്ധ ശതകം കടന്ന താരം സെഞ്ച്വറി തികയ്‌ക്കാൻ 20 പന്തുകൂടിയേ എടുത്തുള്ളു. പത്ത് കൂറ്റൻ സിക്സും ഏഴ് ബൗണ്ടറികളുമടക്കം 50 പന്തിൽ 107 റൺസ് നേടിയാണ് സഞ്ജു കൂടാരം കയറിയത്.”