ഡൽഹി: ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യ ഓറഞ്ച് ജഴ്സിയിൽ ഇറങ്ങുമെന്നാണ് അഭ്യൂഹങ്ങൾ. റിപ്പോർട്ടിനെ തുടർന്ന് എതിർപ്പ് അറിയിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. കാലങ്ങളായുള്ള നീല ജഴ്‌സിയിൽ തന്നെ തുടരണമെന്നാണ് ആരാധകരുടെ ആവശ്യം. ഇപ്പോഴിതാ വാദങ്ങൾ തള്ളി ബിസിസിഐ രംഗത്ത് വന്നിരിക്കുകയാണ്.
ബിസിസിഐ ട്രഷറർ ആശിഷ് ഷെലാറാണ് വാദങ്ങൾ തള്ളിയത്. പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യ ഓറഞ്ച് ജഴ്സിയിൽ ഇറങ്ങുമെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണ്. ഇത്തരം ചിന്തകൾ ചിലരുടെ സങ്കൽപ്പമാണ്. ‘മെൻ ഇൻ ബ്ലൂ’ എന്നത് ഇന്ത്യയുടെ കായിക മേഖലയെ പ്രതിനിധീകരിക്കുന്നുവെന്നതും ബിസിസിഐ ട്രഷറർ പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിച്ചത് ഓറഞ്ച് ജഴ്സിയിലായിരുന്നു. ജഴ്സിയുടെ കൈഭാഗത്തും പിൻഭാഗത്തുമായിരുന്നു ഓറഞ്ച് നിറം. മുൻഭാഗം കടും നീല നിറത്തിലായിരുന്നു.
ലോകകപ്പിന് വേദിയായ ഇംഗ്ലണ്ടിന്റെ ജഴ്‌സി നീല നിറത്തിലുള്ളത് ആയതിനാലാണ് ഇന്ത്യയുടെ ജഴ്സിയിൽ മാറ്റം വരുത്തിയത്. എന്നാൽ ഇക്കുറി വേദി ഇന്ത്യ ആണെന്നതിനാൽ ജഴ്സിയുടെ നിറത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് തീരുമാനം. ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ പരിശീലന കിറ്റിന്റെ നിറത്തിൽ മാറ്റം വന്നിരുന്നു. നീല നിറത്തിലുള്ള പരിശീലന ജഴ്സിക്ക് പകരം ഓറഞ്ച് ജഴ്സിയാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഒക്ടോബർ 14നാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം.
Read Also: ചേർത്ത് വെക്കാൻ മറ്റൊരു റെക്കോർഡ് കൂടി; ‘കിംഗ് കോലി’ ഇന്ത്യൻ രക്ഷകൻ