ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നിലവിൽ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിട്ടു നിൽക്കുന്ന ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ഇന്നത്തെ കളി ജയിച്ചാൽ 2-0ന്റെ ലീഡിൽ ഇന്ത്യ പരമ്പര നേടും. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ എറിഞ്ഞു വീഴ്ത്തിയ പേസ് ജോടികളായ അര്‍ഷ്ദീപ് സിങും ആവേശ് ഖാനും ഇത്തവണയും മികച്ച പ്രകടനം കാഴ്ച്ച വെക്കാനായാൽ അനായാസ വിജയം നേടാം. കെ എൽ രാഹുൽ നയിക്കുന്ന ഇന്ത്യൻ പടയിലെ ഇന്നത്തെ മാറ്റങ്ങൾ നോക്കാം.
കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ നിന്നും മാറ്റത്തോടെയാവും ഇന്ത്യ രണ്ടാം ഏകദിനത്തിനു ഇറങ്ങുകയെന്നാണ് സൂചനകള്‍. തകർപ്പൻ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കു ഇന്നത്തെ മത്സരത്തിൽ വിശ്രമം നല്‍കിയേക്കും. 26ന് സൗത്താഫ്രിക്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നതിനാലാണ് താരത്തിന് വിശ്രമം നൽകുന്നത്. ശ്രേയസിനു പകരം ഫിനിഷറുടെ റോളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുവതാരം റിങ്കു സിങിനായിരിക്കും ഇന്ത്യന്‍ പ്ലെയിങ് ഇലവനിൽ ഉൾപ്പെടാൻ സാധ്യത. ഏകദിനത്തില്‍ റിങ്കുവിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരിക്കും ഇത്. കഴിഞ്ഞ മല്‍സരത്തില്‍ അവസരം ലഭിക്കാതെ പോയ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനു രണ്ടാം ഏകദിനത്തിലും അവസരം ലഭിക്കാന്‍ സാധ്യതയില്ല.
ശ്രേയസിന്റെ അഭാവത്തില്‍ തിലക് വര്‍മയായിരിക്കും മൂന്നാം നമ്പറില്‍ ഇറങ്ങുക. നാലാം നമ്പറില്‍ നായകന്‍ രാഹുലും അഞ്ചാമനായി സഞ്ജുവും ഇറങ്ങും. ആറാം നമ്പര്‍ സ്ഥാനം റിങ്കുവിനായിരിക്കും. ശ്രേയസിനു പകരം റിങ്കു വരുന്നതൊഴിച്ചാല്‍ പ്ലെയിങ് ഇലവനില്‍ മറ്റു മാറ്റങ്ങളൊന്നും ഇന്ത്യ വരുത്താനിടയില്ല. കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ലെങ്കിലും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ടീമില്‍ തുടരും. റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍ ജോഡി തന്നെ അടുത്ത മല്‍സത്തിലും ഓപ്പണര്‍മാരായി തുടരും.
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറും ടീമിലുണ്ടെങ്കിലും അവസാന മല്‍സരത്തില്‍ മാത്രമേ അവസരം ലഭിക്കാനിടയുള്ളൂ. കുല്‍ദീപ് യാദവ് തന്നെയായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്ന കാര്യത്തിൽ സംശയമില്ല. പേസ് ബൗളിങിനു അര്‍ഷ്ദീപ്, ആവേശ്, മുകേഷ് കുമാര്‍ എന്നിവരും നേതൃത്വം നല്‍കും.
സാധ്യത പ്ലെയിങ് ഇലവന്‍
റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.