ന്യൂഡൽഹി: റഫേൽ നാവിക യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. അമ്പതിനായിരം കോടി രൂപ ചിലവഴിച്ചാണ് പുതിയ 26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്നത്. റഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യ-ഫ്രാൻസ് രണ്ടാം ഘട്ട ചർച്ചകൾ ആരംഭിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ആർമമെൻ്റിലെ ഉദ്യോഗസ്ഥർ ഉൾപ്പെടയുള്ള ഫ്രഞ്ച് പ്രതിനിധി സംഘമാണ് ചർച്ച നടത്തുന്നത്. ഇന്ത്യൻ വ്യോമസേനയ്‌ക്ക് 26 റഫേൽ യുദ്ധവിമാനങ്ങളാകും രണ്ടാം ഘട്ടത്തിൽ ലഭിക്കുക.India to buy 26 Rafale fighter jets
50000 കോടിയുടെ ഇടപാടാണ്. തിങ്കളാഴ്ച ആരംഭിച്ച ചർച്ചകൾ പത്ത് ദിവസത്തോളം നീളുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന വിവരം. പ്രത്യേക ലാൻഡിംഗ് ഗിയർ ഉൾപ്പടെ സമുദ്രത്തിലെ പ്രവർത്തനങ്ങൾ സുഗമമാക്കും വിധത്തിലുള്ള യുദ്ധവിമാനമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. തദ്ദേശീയ ആയുധങ്ങളും അവയുടെ സവിശേഷതകളെയും ഉൾപ്പെടുത്തിയാകും ഫ്രാൻസ് ഭാരതത്തിനായി യുദ്ധവിമാനം തയ്യാറാക്കി നൽകുക.
അസ്ത്ര എയർ-ടു-എയർ മിസൈൽ, ലാൻഡിംഗ് ഉപകരണങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ പോലുള്ള ഇന്ത്യൻ ആയുധങ്ങളുടെ സംയോജനം ഉൾക്കൊള്ളുന്ന സമഗ്രമായ പാക്കേജാണ് ഫ്രഞ്ച് ഓഫറിലുള്ളത്. പരീക്ഷണ വേളയിൽ ഇന്ത്യൻ വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് റാഫേൽ വിമാനത്തിന്റെ ലാൻഡിംഗും ടേക്ക് ഓഫും ഫ്രഞ്ച് വിഭാഗം പ്രദർശിപ്പിച്ചിരുന്നെങ്കിലും തത്സമയ പ്രകടത്തിനായി മറ്റ് ചില ഉപകരണങ്ങൾ ഉപയോഗിക്കേണ്ടിവരും. അതും പാക്കേജിന്റെ ഭാഗമാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
കരാറുകൾ പൂർത്തിയാക്കി റഫേൽ നാവിക യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ചാൽ ഇന്ത്യൻ നാവികസേന ഈ വിമാനങ്ങൾ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഐഎൻഎസ് ദേഘയിൽ വിന്യസിക്കുന്നതായിരിക്കും. ഫ്രഞ്ച് കമ്പനിയായ ദസാൾട്ട് ഏവിയേഷൻ നിർമ്മിക്കുന്ന റഫേൽ മറൈൻ ജെറ്റ് വ്യോമ പ്രതിരോധം, ആണവ പ്രതിരോധം, ആഴത്തിലുള്ള സ്‌ട്രൈക്കുകൾ, രഹസ്യാന്വേഷണം എന്നിവയുൾപ്പെടെ നിരവധി ദൗത്യങ്ങൾ നിർവഹിക്കാൻ കഴിവുള്ള നാവിക യുദ്ധവിമാനമാണ്.
15.30 മീറ്റർ നീളവും 5.30 മീറ്റർ ഉയരവുമുള്ള റഫേൽ എം പരമാവധി 24.5 ടൺ ടേക്ക്-ഓഫ് ഭാരവും 9.5 ടൺ വരെ ബാഹ്യഭാരവും വഹിക്കാൻ ശേഷിയുള്ളവയാണ്. വിമാനത്തിന് പരമാവധി 1,389 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുകയും 50,000 അടി വരെ ഉയരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യുന്നതാണ്. എയർ-ടു-ഗ്രൗണ്ട്, എയർ-ടു-എയർ ദൗത്യങ്ങൾ ഒരേസമയം നിർവഹിക്കാൻ കഴിയുന്നവയാണ് റഫേൽ മറൈൻ ജെറ്റുകൾ. ദീർഘദൂര മെറ്റിയർ മിസൈൽ, മൈക്ക മിസൈലുകൾ, ഹാമർ, സ്‌കാൽപ്, എഎം39 എക്‌സോസെറ്റ്, ലേസർ-ഗൈഡഡ് ബോംബുകൾ എന്നിങ്ങനെയുള്ള വിവിധതരം ആയുധങ്ങൾ ഈ യുദ്ധവിമാനങ്ങളിലൂടെ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്.