അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ കടുത്ത നടപടിയുമായി ഇന്ത്യ. നിയമപ്രകാരമുള്ള രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവർക്ക് ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ 2025 ലോക്സഭയുടെ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനാണ് തീരുമാനം. പാസ്പോർട്ട് ആക്ട‌് 1920, രജിസ്ട്രേഷൻ ഓഫ് ഫോറിനേഴ‌്സ് ആക്ട് 1939, ഫോറിനേഴ്‌സ് ആക്ട‌് 1946, ഇമിഗ്രേഷൻ ആക്‌ട് 2000 തുടങ്ങിയവയ്ക്ക് പകരമായാണ് പുതിയ ബിൽ തയ്യാറാകുന്നത്.
പാസ്പോർട്ടോ വീസയോ കൂടാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് അഞ്ചുവർഷം വരെ തടവുശിക്ഷയും, അഞ്ചു ലക്ഷം വരെ പിഴയും പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. വ്യാജ പാസ്പോർട്ട് ഉപയോഗിക്കുന്നതിനുള്ള ശിക്ഷ രണ്ടുവർഷത്തിൽ നിന്ന് ഏഴ് വർഷമാക്കി ഉയർത്താനും തീരുമാനമുണ്ട്. ഇതിനൊപ്പം പത്തുലക്ഷം രൂപ വരെ പിഴയും ഉണ്ടാകും. വ്യാജ പാസ്പോർട്ടുമായി പ്രവേശിച്ചാൽ 50,000 രൂപ പിഴയും എട്ടുവർഷം വരെ തടവുമാണ് നിലവിൽ രാജ്യത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശിക്ഷ.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികളുടെ വിവരങ്ങൾ രജിസ്ട്രേഷൻ ഓഫീസർക്ക് കൈമാറണമെന്നും പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. വിദേശികൾക്ക് താമസസൗകര്യമൊരുക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. വീസ കാലാവധി കഴിഞ്ഞ് തുടർന്നാലോ, വീസ നിബന്ധനകൾ ലംഘിച്ചാലോ മൂന്ന് വർഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. മാത്രമല്ല മതിയായ രേഖകളില്ലാതെ വിദേശികളെ യാത്രക്ക് സഹായിക്കുന്ന ഏജൻസികൾക്കും ക്യാരിയർമാർക്കും അഞ്ചുലക്ഷം രൂപ വരെ പിഴ ലഭിക്കാം. പിഴ ഒടുക്കിയില്ലെങ്കിൽ വിദേശി യാത്രക്ക് ഉപയോഗിച്ച വാഹനം പിടിച്ചെടുക്കാനുള്ള നിയമപരമായ അധികാരവും പുതിയ ബില്ലിലുണ്ട്.