തിരുവനന്തപുരം: ലോകകപ്പിനു മുന്നോടിയായി ഇന്ത്യ- നെതർലൻഡ്സ് സന്നാഹ മത്സരം ഇന്ന് നടക്കും. ഗുവാഹത്തിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ നടക്കേണ്ട സന്നാഹമത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആദ്യ ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ ശക്തമായ മഴ തുടര്‍ന്നതോടെയാണ് മത്സരം ഒഴിവാക്കാന്‍ തീരുമാനിച്ചത്. തുടർന്നാണ് ഇന്ത്യ- നെതർലൻഡ്സ് സന്നാഹ മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്നത്. എന്നാൽ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച മഴ എപ്പോഴും തുടരുകയാണ്.
ഇതിനു മുൻപ് കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് ടോസ് ഇടാന്‍ പോലും കഴിഞ്ഞില്ല. രണ്ടു മണിക്ക് ആരംഭിക്കേണ്ട മത്സരം നീണ്ടു പോയി. തുടർന്ന് മൂന്ന് മണിക്കും മൂന്നരക്കും അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചെങ്കിലും ഔട്ട്ഫീല്‍ഡില്‍ വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാല്‍ മത്സരം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, ഇന്നത്തെ സന്നാഹമത്സരത്തിനു കോഹ്ലി കളിച്ചേക്കില്ല. അടിയന്തിരാവശ്യത്തിനായി മടങ്ങിയ വിരാട് കോഹ്ലി തിരികെ എത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ ഇന്ത്യ പരിശീലനം നടത്തിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഹുമ്മദ് ഷമി, ശ്രയസ് അയ്യര്‍ എന്നിവരും പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.
തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ 20,000ത്തിലധികം കാണികൾ കളികാണാൻ സ്റ്റേഡിയത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. അതേസമയം മഴ ആശങ്കയായി നിലനിൽക്കുന്നു. മഴ മാറി ഇന്ത്യയുടെ സന്നാഹ മത്സരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ ക്രിക്കറ്റ് പ്രേമികൾ.ഉച്ചക്ക് രണ്ടു മണിക്കാണ് മത്സരം.
Also Read: കപിൽ ദേവിനും ധോണിക്കും ശേഷം രോഹിത്; കപ്പുയർത്താൻ ആതിഥേയർ