ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നടന്ന പരീക്ഷണ ഓട്ടങ്ങൾ വിജയകരമായതോടെ ഇന്ത്യ, ഹൈഡ്രജൻ ട്രെയിനുകൾ സ്വന്തമാക്കിയ ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി. ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നിവയാണ് ഇതിനു മുമ്പ് ഹൈഡ്രജൻ ട്രെയിനുകൾ അവതരിപ്പിച്ച രാജ്യങ്ങൾ.
ലോകത്തിലെ ഏറ്റവും നീളമേറിയതും കൂടുതൽ ശക്തിയുള്ളതുമായ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇന്ത്യയിലേതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ രേഖാമൂലം അറിയിച്ചു.
‘ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്’ എന്ന പദ്ധതിക്കു കീഴിൽ 35 ട്രെയിനുകൾ പ്രവർത്തിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. ഒരു ട്രെയിനിന് 80 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് പ്രോട്ടോടൈപ്പുകൾ നിർമിക്കുന്നത്.
പൂർണമായും ഹൈഡ്രജൻ വാതകം ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനുകളാണ് വരുന്നത്. ഹൈഡ്രജൻ ഇന്ധനമാക്കുന്ന വാഹനങ്ങൾ പൊതുവെ ഹൈഡ്രെൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫ്യുവൽ സെൽ എന്ന ഇലക്ട്രോ കെമിക്കൽ സെല്ലുകളിലാണ് ഹൈഡ്രെലുകൾ പ്രവർത്തിക്കുക.
ഹൈഡ്രജനും ഓക്സിജനും ചേരുമ്പോഴുണ്ടാകുന്ന കെമിക്കൽ എനർജിയെ വൈദ്യുതിയാക്കി മാറ്റുന്ന സെല്ലാണ് ഫ്യുവൽ സെൽ എന്നറിയപ്പെടുന്നത്. ഫ്യുവൽ സെൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മോട്ടോറിലേക്ക് കടത്തി വിട്ട് വാഹനത്തെ ചലിപ്പിക്കുകയാണ് ചെയ്യുന്നത്.
ഈ രാസ സംയോജനത്തിന്റെ ഉപോൽപന്നം ഹൈഡ്രജനും ഓക്സിജനും ചേരുമ്പോഴുണ്ടാകുന്ന ജലം മാത്രമാണ്. ഈ ജലം നീരാവി രൂപത്തിൽ അന്തരീക്ഷത്തിലേക്ക് തള്ളും.
ഹൈഡ്രജൻ ട്രെയിൻ വികസിപ്പിക്കുന്നതിനുള്ള അത്യാധുനിക പദ്ധതി ഇന്ത്യൻ റെയിൽവേ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എംപി അജിത് കുമാർ ഭൂയാൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റെയിൽവേ മന്ത്രി.
“ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (DEMU) റേക്കിൽ ഹൈഡ്രജൻ ഇന്ധന സെല്ലിന്റെ പുനർനിർമ്മാണത്തിലൂടെ പരീക്ഷണടിസ്ഥാനത്തിൽ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ വികസിപ്പിക്കുന്നതിനുള്ള അത്യാധുനിക പദ്ധതി ഇന്ത്യൻ റെയിൽവേ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടാതെ “പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ട്രെയിനിന്റെ സവിശേഷതകൾ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) തയ്യാറാക്കിയിട്ടുണ്ട്.
നിലവിൽ ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇത്. ലോകത്തിലെ ഏറ്റവും കൂടുതൽ പവർ ഉള്ള ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ട്രെയിനിനൊപ്പം, ഹൈഡ്രജൻ വീണ്ടും നിറയ്‌ക്കുന്നതിനുള്ള അനുബന്ധ ഓൺ-ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചറും സംയോജിത ഹൈഡ്രജൻ ഉൽപ്പാദന-സംഭരണ-വിതരണ സൗകര്യവും വിഭാവനം ചെയ്തിട്ടുണ്ട്.
പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനിൽ (പെസോ) നിന്ന് സൗകര്യ ലേഔട്ടിന് ആവശ്യമായ സുരക്ഷാ അംഗീകാരങ്ങൾ നിലവിലുണ്ടെന്നും വൈഷ്ണവ് സഭയെ അറിയിച്ചു.
മലിനീകരണമില്ലാത്ത ഗതാഗതം
ഹൈഡ്രജൻ ട്രെയിനുകൾ അന്തരീക്ഷ മലിനീകരണമില്ലാത്ത സുസ്ഥിര ഗതാഗത മാർഗം ആയിരിക്കും. ടാങ്കിൽ സംഭരിച്ച ഹൈഡ്രജൻ, അന്തരീക്ഷവായുവിലെ ഓക്സിജനുമായി ഫ്യുവൽ സെൽ വഴി സംയോജിക്കുമ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. എൻജിൻ പ്രവർത്തിക്കുന്നതിന് വേണ്ട വൈദ്യുതിയാണ് ഇത്. പുറത്ത് പുറത്തുവരുന്നത് വെള്ളം മാത്രം ആയതിനാൽ മലിനീകരണം ഉണ്ടാകില്ല.
ശക്തമായ എൻജിൻ, ഉയർന്ന ശേഷി
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തിറക്കിയ വീഡിയോ പ്രകാരം, ആദ്യ ഹൈഡ്രജൻ ട്രെയിനിൽ 1200 എച്ച്പി കരുത്തുള്ള എൻജിൻ ഉപയോഗിക്കുന്നു. ലോകത്തിലെ ഹൈഡ്രജൻ ട്രെയിനുകളിൽ ഏറ്റവും ശക്തമായ എൻജിൻ ഇതായിരിക്കും.
118 കോടി രൂപ ചിലവിലാണ് ആദ്യ ട്രെയിൻ നിർമിച്ചത്.
മുന്നിലും പിറകിലും ഹൈഡ്രജൻ എൻജിനുകളും നടുവിൽ എട്ട് കോച്ചുകളും ഉണ്ടായിരിക്കും.
ഏകദേശം 2,600 യാത്രക്കാർക്ക് യാത്ര ചെയ്യാം.
സ്വയം പ്രവർത്തിക്കുന്ന വാതിലുകൾ, സിസിടിവി ക്യാമറകൾ എന്നിവ സുരക്ഷയ്ക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ആദ്യ സർവീസ് ഹരിയാനയിൽ
ഹൈഡ്രജൻ ട്രെയിൻ ആദ്യം ഹരിയാനയിലെ സിന്ധ്–സോനിപത് റൂട്ടിൽ സർവീസ് ആരംഭിക്കും.
ദൂരം: 89 കിലോമീറ്റർ
പരമാവധി വേഗം: മണിക്കൂറിൽ 110 കിലോമീറ്റർ
ഹ്രസ്വദൂര യാത്രകൾക്കായി ഹൈഡ്രജൻ ട്രെയിൻ മികച്ച ബദൽ മാർഗമാകും.
വിപുലമായ പദ്ധതികൾ
“ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്” പദ്ധതിയുടെ ഭാഗമായി റെയിൽവേ 35 ഹൈഡ്രജൻ ട്രെയിനുകൾ നിർമ്മിക്കും.
ഓരോ ട്രെയിനിനും ചെലവ്: 80 കോടി രൂപ.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ: 70 കോടി രൂപ.
നിലവിലുള്ള ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (DEMU) ട്രെയിനുകളെയാണ് ഹൈഡ്രജൻ ട്രെയിനുകളാക്കി മാറ്റുന്നത്.
അന്താരാഷ്ട്ര തലത്തിൽ നേട്ടം
ലോകത്ത് നിലവിൽ നാല് രാജ്യങ്ങൾ മാത്രമാണ് ഹൈഡ്രജൻ ട്രെയിനുകൾ നിർമ്മിച്ചിട്ടുള്ളത്. അവയിലെ എൻജിനുകൾ 500–600 എച്ച്പി കരുത്തുള്ളവയാണ്. ഇന്ത്യ പുറത്തിറക്കാനിരിക്കുന്ന ട്രെയിൻ അതിലുമേറെ ശക്തിയുള്ളതിനാൽ, ആഗോള തലത്തിൽ വലിയ നേട്ടം കൈവരിക്കാനാകും.
ENGLISH SUMMARY:
Indian Railways to launch India’s first hydrogen train, built at Chennai’s Integral Coach Factory. 1200 HP engine, zero-emission technology, first service on Haryana’s Sonipat–Jind route.









