ഷില്ലോങ് : സുനിൽ ഛേത്രി അത്ഭുതം കാട്ടുമെന്ന വിശ്വാസത്തിൽ ഇന്ത്യ ഇന്ന് കളത്തിലേക്ക്. രാജ്യാന്തര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ മാലദ്വീപാണ് എതിരാളികൾ.
മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്‌സ്റ്റാറിലും കാണാം.
ഒരുവർഷംമുമ്പ് വിരമച്ച മുന്നേറ്റക്കാരൻ ഛേത്രിയെ മടക്കിവിളിച്ചാണ് ഇന്ത്യയുടെ വരവ്. ഈ നാൽപ്പതുകാരൻ മാന്ത്രികദണ്ഡ് വീശി വിജയവഴി കാട്ടുമെന്നാണ് പരിശീലകൻ മനോലോ മാർക്വസും കൂട്ടരും പ്രതീക്ഷിക്കുന്നത്.
ഇന്ത്യ ഫുട്ബോളിൽ ജയമറിഞ്ഞിട്ട് ഒന്നരവർഷമായി. കഴിഞ്ഞ 12 കളിയിൽ ജയമില്ല. 2023 നവംബറിൽ കുവൈത്തിനെതിരെയാണ് അവസാനമായി ഇന്ത്യ ജയിച്ചത്.
25ന് ബംഗ്ലാദേശുമായി ഇതേ വേദിയിൽ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം നടക്കുന്നുണ്ട്. മാലദ്വീപിനെതിരെ മികച്ച ജയത്തോടെ ഈ കളിക്ക് ഒരുങ്ങാനാണ് ലക്ഷ്യം.
എല്ലാ കണ്ണുകളും ഛേത്രിയിലേക്കാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും കൂടുതൽ മത്സരത്തിലിറങ്ങിയ താരവുമാണ് ഛേത്രി. കഴിഞ്ഞവർഷം ജൂൺ ആറിന് കുവൈത്തിനെതിരായ മത്സരത്തോടെ വിരമിച്ചിരുന്നു.
പിന്നാലെ ഏഷ്യൻ കപ്പിലും ലോകകപ്പ് യോഗ്യതയിലും പുറത്തായ ഇന്ത്യ ഇഗർ സ്‌റ്റിമച്ചിനെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു.
സ്‌പാനിഷുകാരനും ഐഎസ്‌എല്ലിൽ എഫ്‌സി ഗോവയുടെ കോച്ചുമായ മനോലോയെ പകരം ചുമതലയേൽപ്പിച്ചിട്ടും രക്ഷയുണ്ടായില്ല.
മനോലോയ്‌ക്കുകീഴിൽ കളിച്ച നാലു മത്സരങ്ങളിലും ജയമില്ല. ആകെ രണ്ടുഗോൾമാത്രമാണ് ടീമിന് നേടാനായത്.
ഈ സാഹചര്യത്തിലാണ് പരിചയസമ്പന്നനായ ഛേത്രിയെ തിരികെവിളിക്കാൻ ടീം തീരുമാനിച്ചത്. പരിശീലകന്റെയും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെയും (എഐഎഫ്‌എഫ്) നിർബന്ധത്തിലാണ് മുന്നേറ്റക്കാരൻ വീണ്ടും കളിക്കിറങ്ങുന്നത്.
ഛേത്രിയുടെ സാന്നിധ്യം പോലും ടീമിന്റെ ആത്മവിശ്വാസം കൂട്ടുമെന്നാണ് മനോലോ പറയുന്നത്. ‘സുനിൽ എന്തായാലും കളത്തിലെത്തും.
പകരക്കാരനാകുമോ, ആദ്യ ടീമിൽ ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല എന്നാണ് പരിശീലകൻ പറഞ്ഞത്. ഈ ഐഎസ്‌എൽ സീസണിൽ ബംഗളൂരു എഫ്‌സിക്കായി 24 കളിയിൽ 12 ഗോളുണ്ട് ഛേത്രിക്ക്.
മാലദ്വീപിനെതിരെ ഇന്ത്യക്ക് എല്ലാത്തരത്തിലും അനുകൂലമാണ് കാര്യങ്ങൾ. ഐഎസ്‌എല്ലിന്റെ ഇടവേളയിലാണ് കളി നടക്കുന്നത്.
താരങ്ങളെല്ലാം പൂർണസജ്ജം. മത്സരപരിചയം നന്നായി കിട്ടിയിട്ടുണ്ട്. ഇന്ത്യയേക്കാൾ 36 പടി താഴെയാണ് റാങ്ക്. ഇന്ത്യ 126ലാണ്. മാലദ്വീപ് 162ലും.
സന്ദേശ് ജിങ്കൻ, സുഭാശിഷ് ബോസ്, രാഹുൽ ബെക്കെ തുടങ്ങിയ പരിചയസമ്പന്നരെല്ലാം ഇന്ത്യൻ ടീമിലുണ്ട്. ആഷിഖ് കുരുണിയനാണ് മലയാളിസാന്നിധ്യം.